ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാനൊരുങ്ങുന്ന ചരക്കു-സേവന നികുതി സമ്പ്രദായമായ ജി.എസ്.ടിയുടെ നികുതിഘടന നിശ്ചയിച്ചു. അവശ്യ വസ്തുക്കളെയും വിവിധയിനം ഉല്‍പന്നങ്ങളെയും നാലായി തിരിച്ച് അഞ്ച്, 12, 18, 28 ശതമാനം വീതമാണ് നികുതി സ്ളാബ്. ഇതിനുപുറമെ, ആഡംബര വസ്തുക്കള്‍, പുകയില ഉല്‍പന്നങ്ങള്‍, ലഘുപാനീയങ്ങള്‍, കല്‍ക്കരി എന്നിവക്ക് കേന്ദ്രം സെസ് ചുമത്തും. നഷ്ടപരിഹാരത്തിന് കാത്തുനില്‍ക്കാതെ കേരളം കൂടുതല്‍ നികുതി സമാഹരിക്കും.
ഭക്ഷ്യധാന്യങ്ങള്‍ക്ക് ജി.എസ്.ടി ഇല്ല. പൊതുവായി ഉപയോഗിക്കുന്ന അവശ്യവസ്തുക്കള്‍ക്കാണ് അഞ്ചു ശതമാനമെന്ന കുറഞ്ഞ സ്ളാബ്. ഉല്‍പന്ന, സേവനങ്ങള്‍ 12 അല്ളെങ്കില്‍ 18 ശതമാനം നികുതി സ്ളാബിലാണ് വരുക. ആഡംബര ഇനങ്ങള്‍ക്ക് 28 ശതമാനവും. അതിനുമുകളില്‍ കേന്ദ്രം വിപുലമായ സെസ് ചുമത്തും. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന നഷ്ടം അഞ്ചു വര്‍ഷത്തേക്ക് ഇതുവഴിയുള്ള വരുമാനം കൊണ്ട് നികത്തും.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നാലുതലത്തിലുള്ള നികുതിഘടന കൊണ്ടുവരുമ്പോള്‍ ഓരോ വിഭാഗത്തിലും ഉള്‍പ്പെടുത്തേണ്ട ഇനങ്ങള്‍ പിന്നീട് സെക്രട്ടറിതല യോഗങ്ങളില്‍ തീരുമാനിക്കും.
സ്വര്‍ണത്തിന്‍െറ നികുതി എത്ര ശതമാനമെന്ന് തീരുമാനിച്ചിട്ടില്ല. നാലു ശതമാനമെന്ന മുന്‍നിലപാടില്‍നിന്ന് നിരക്ക് താഴ്ത്തി നിശ്ചയിച്ചേക്കും.
ഒരു രാജ്യം, ഒറ്റ വിപണി, ഒറ്റ നികുതി എന്ന ധാരണയിലാണ് കേന്ദ്ര-സംസ്ഥാന നികുതികള്‍ ലയിപ്പിച്ച് ജി.എസ്.ടി സമ്പ്രദായം കൊണ്ടുവരുന്നത്. അഞ്ചു വര്‍ഷം സെസ് നിലനില്‍ക്കും. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന ഈ കാലാവധി കഴിഞ്ഞാല്‍ നികുതിഘടന പുതുക്കാം. അപ്പോള്‍ സെസ് ഒഴിവാക്കി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നികുതി സമാഹരിക്കാം. സെസ് എത്ര ശതമാനമെന്ന് പിന്നീട് തീരുമാനിക്കും. സേവനനികുതി പിരിക്കുന്നതിലെ അവകാശം സംബന്ധിച്ച കാര്യത്തില്‍ വെള്ളിയാഴ്ച തീരുമാനമായേക്കും.
അതേസമയം, ഉപഭോക്തൃസംസ്ഥാനമെന്ന നിലയിലും ഉയര്‍ന്ന വളര്‍ച്ച നിരക്കുണ്ടെന്ന നിലക്കും കേരളത്തിന് ജി.എസ്.ടി വഴി വലിയ നഷ്ടപരിഹാരം കിട്ടാന്‍ പോകുന്നില്ളെന്നും നഷ്ടപരിഹാരത്തിന് കാത്തുനില്‍ക്കാതെ 20 ശതമാനം വളര്‍ച്ചയെന്ന് വിലയിരുത്തി നികുതി നിരക്ക് ഉയര്‍ത്താനാണ് കേരളം ഒരുങ്ങുന്നതെന്നും യോഗശേഷം ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കമ്പ്യൂട്ടര്‍ ബില്ലിങ് കര്‍ക്കശമാക്കും. വ്യാപാരികള്‍ ബില്‍ തയാറാക്കുമ്പോള്‍ പകര്‍പ്പ് സംസ്ഥാന സര്‍ക്കാറിന്‍െറ സെര്‍വറിലേക്ക് കിട്ടത്തക്കവിധം ക്രമീകരിക്കും. ബില്‍ എഴുതാതെ കച്ചവടം പറ്റില്ളെന്ന സ്ഥിതി വരും. ഇക്കാര്യത്തില്‍ ഡല്‍ഹിയെ മാതൃകയാക്കും. ജി.എസ്.ടി ബില്‍ കേരളം ബജറ്റ് സമയത്തു മാത്രമാണ് പാസാക്കുകയെന്ന് തോമസ് ഐസക് പറഞ്ഞു.
ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിച്ചിട്ടില്ളെങ്കിലും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയുമെന്ന് ധനമന്ത്രി വിശദീകരിച്ചു. വാറ്റ് സമ്പ്രദായം നടപ്പാക്കാന്‍ ഉണ്ടായ പ്രയാസം ജി.എസ്.ടി നടപ്പാക്കുമ്പോള്‍ ഉണ്ടാവില്ളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.