വിദ്വേഷ പ്രസംഗം ആരോപിച്ച് ഇസ്‍ലാമിക പ്രഭാഷകനെ മുംബൈയിലെത്തി അറസ്റ്റ് ചെയ്ത് ഗുജറാത്ത് എ.ടി.എസ്

മുംബൈ: വിദ്വേഷ പ്രസംഗം ആരോപിച്ച് ഇസ്‍ലാമിക പ്രഭാഷകനെ മുംബൈ പൊലീസും ഗുജറാത്ത് പൊലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ.ടി.എസ്) ചേർന്ന് അറസ്റ്റ് ചെയ്തു. മൗലാന മുഫ്തി സൽമാൻ അസ്ഹരിയെയാണ് തീവ്ര വികാരമുണർത്തുന്ന പ്രസംഗം നടത്തിയെന്ന പേരിൽ അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ജുനഗഢിൽ നടത്തിയ പ്രസംഗം ഓൺലൈൻ വഴി വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് നടപടി.

മുഫ്തിയുടെ അറസ്റ്റ് വിവരമറിഞ്ഞ് നൂറുകണക്കിനാളുകൾ ഖട്ട്കോപാർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി എത്തുകയും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെടുയും ചെയ്തു. സമരക്കാരുമായി സംസാരിച്ച മുഫ്തി, അവരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. ‘ഞാനൊരു കുറ്റവാളിയല്ല, കുറ്റം ചെയ്തതിന് എന്നെ ഇവിടെ കൊണ്ടുവന്നിട്ടില്ല. അവർ ആവശ്യമായ അന്വേഷണം നടത്തുന്നുണ്ട്, ഞാനും അവരുമായി സഹകരിക്കുന്നുണ്ട്. ഇത് എൻ്റെ വിധിയാണെങ്കിൽ അറസ്റ്റ് വരിക്കാൻ തയാറാണ്’ -മുഫ്തി സമരക്കാരോട് പറഞ്ഞു. സമരക്കാർക്കെതിരെ ലാത്തിച്ചാർജ് നടത്തിയ പൊലീസ് അവർക്കെതിരെ കേസെടുത്തതായും അറിയിച്ചു.

പരിപാടിയുടെ സംഘാടകരായ മുഹമ്മദ് യൂസുഫ് മാലിക്, അസിം ഹബീബ് ഒഡേതര എന്നിവരെ നേരത്തെ ഗുജറാത്തിൽവെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇരുമതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിനും ഒരു സമുദായത്തിനെതിരെ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്തിയതിനും ഐ.പി.സി 153 ബി, 505 (2) എന്നീ വകുപ്പുകൾ ചേർത്താണ് മൂവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. മറ്റു രണ്ടുപേരെയും അറസ്റ്റ് ചെയ്ത ശേഷം ഗുജറാത്ത് പൊലീസ് മുഫ്തിയെ പിടികൂടാൻ മഹാരാഷ്ട്ര പൊലീസിന്റെ സഹായം തേടുകയായിരുന്നു. 

Tags:    
News Summary - Gujarat ATS arrests Islamic preacher in Mumbai on charges of hate speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.