അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് നദിയിൽ വീണ് മരിച്ചവരുടെ എണ്ണം 141 ആയി. 177 പേരെ രക്ഷപ്പെടുത്തി. ഇതിൽ 19 പേരുടെ നില ഗുരുതരമാണ്. കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. വ്യോമസേനയുടെ ഗരുഡ് കമാൻഡോകളും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഞായറാഴ്ച വൈകീട്ട് 6.42ഓടെയായിരുന്നു അപകടം.
ഗുജറാത്തിലെ മോർബിയിലെ മച്ചുനദിക്കു കുറുകെയുള്ള തൂക്കുപാലമാണ് തകർന്നത്. ബ്രിട്ടീഷ് കാലത്ത് പണിത പാലമാണ് തകർന്നത്. അഞ്ചുദിവസം മുൻപ് അറ്റകുറ്റപണികൾ കഴിഞ്ഞ് ജനങ്ങൾക്കായി തുറന്നുകൊടുത്തതായിരുന്നു. ഇതിനുശേഷം വലിയ തോതിൽ സന്ദർശകർ വീണ്ടും ഇങ്ങോട്ട് ഒഴുകിയെത്തി. അപകടസമയത്ത് 500ഓളം പേർ പാലത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പാലം തകർന്ന് നൂറുകണക്കിനുപേർ പുഴയിൽ വീണിരുന്നു. നിരവധി പേർ പുഴയിൽ മുങ്ങിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ പാലത്തിന്റെ കൈവരിയിൽ തൂങ്ങിനിന്നതിനാലാണ് രക്ഷപ്പെട്ടത്.
നൂറു വർഷത്തോളം പഴക്കമുള്ള പാലം നവീകരിച്ച് ഈമാസം 26നാണ് ജില്ല ഭരണകൂടം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. പാലം തകർച്ച സംബന്ധിച്ച് അഞ്ചംഗ ഉന്നത സമിതി അന്വേഷണം നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതവും കേന്ദ്രസർക്കാർ രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഇരുസർക്കാറുകളും അര ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.