ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണം പൊലീസ് തടഞ്ഞെന്ന് ഗുജറാത്തിലെ കോൺഗ്രസ് സ്ഥാനാർഥി. ഗാന്ധിനഗറിൽനിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി സോനൽ പട്ടേലാണ് ആരോപണവുമായി രംഗത്ത് വന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഗാന്ധിനഗറിലെ ബി.ജെ.പി സ്ഥാനാർഥി.
"ബി.ജെ.പിക്ക് വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ എന്തിനാണ് മറ്റു സ്ഥാനാർഥികളുടെ പ്രചാരണം തടയുന്നത്? ഗാന്ധിനഗറിൽ എനിക്ക് മാത്രം സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളത് എങ്ങനെ? മറ്റുള്ളവർക്ക് സ്വതന്ത്രമായി പ്രചാരണം നടത്താമെങ്കിൽ കോൺഗ്രസിന് കഴിയില്ലെ" -സോനൽ പട്ടേൽ ചോദിക്കുന്നു
ഏപ്രിൽ എട്ടിന് ബി.ജെ.പി ഭാരവാഹികൾ തങ്ങളുടെ പ്രചാരണം വാഹനം തടഞ്ഞു. അവിടെ നിന്ന് പോയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി. ഇത് പ്രവർത്തകരിൽ ഭയം വർധിപ്പിച്ചു. അടുത്ത ദിവസത്തെ പ്രചാരണ റൗണ്ടിലേക്ക് നിരവധി അനുയായികൾ എത്താതിരിക്കാൻ ബി.ജെ.പിയുടെ ഭീഷണി കാരണമായി. ബാനറുകൾ സ്ഥാപിക്കരുതെന്ന് കോൺഗ്രസ് പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പലയിടത്തുനിന്നും കോൺഗ്രസ് ബാനറുകൾ നീക്കം ചെയ്തിട്ടുണ്ടെന്നും സോനൽ പട്ടേൽ പറഞ്ഞതായി ദി വയർ റിപ്പോർട്ട് ചെയ്യുന്നു.
ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലത്തിലെ വിവിധ സാമുദായിക രാഷ്ട്രീയ നേതാക്കളെ കോൺഗ്രസിന്‍റെ പ്രചാരണ പരിപാടികളിൽനിന്ന് വിട്ടുനിൽക്കാൻ സമ്മർദം ചെലുത്തുന്നതായും റിപ്പോർട്ടുകളുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.