ന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യയും മുഗൾ സദസ്സുകളും ശീതയുദ്ധവുമായി ബന്ധപ്പെട്ട പരാമർശങ്ങളും ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ (എൻ.സി.ഇ.ആർ.ടി) 12ാം ക്ലാസ്പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കി. ഇതു കൂടാതെ 11ാം ക്ലാസിലെ പാഠപുസ്തകത്തിൽനിന്ന് വ്യവസായ വിപ്ലവവും ഏഴാം ക്ലാസിൽനിന്ന് ഏതാനും ദലിത് എഴുത്തുകാരുടെ കവിതകളും നീക്കം ചെയ്തു. നിലവിലുള്ള അധ്യയന വർഷം തൊട്ട് ഇവയില്ലാത്ത പാഠപുസ്തകങ്ങളായിരിക്കും ഈ ക്ലാസുകളിൽ പഠിപ്പിക്കുക.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആറ് മുതൽ 12വരെ ക്ലാസുകളിലേക്കുള്ള പാഠ്യപദ്ധതിയുടെ ഉള്ളടക്കം കുറച്ച് യുക്തിസഹമാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് ഉന്നത എൻ.സി.ഇ.ആർ.ടി ഉദ്യോഗസ്ഥൻ പറഞ്ഞു.
12ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ ഒമ്പതാം അധ്യായത്തിലെ 187-189 പേജുകളിലാണ് ഗുജറാത്ത് വംശഹത്യയുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട ദേശീയ മനുഷ്യാവകാശ കമീഷൻ റിപ്പോർട്ടും അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ പ്രശസ്തമായ 'രാജ്ധർമ' പരാമർശവും ഈ ഭാഗത്തുണ്ടായിരുന്നു. 'ദലിത് പ്രസ്ഥാന'ത്തെ കുറിച്ചുള്ള കവിതയും ശീതയുദ്ധത്തെക്കുറിച്ചുള്ള അധ്യായവും പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കി. ഹിസ്റ്ററി പാഠപുസ്തകത്തിൽനിന്ന് മുഗൾ സദസ്സുകളെ കുറിച്ചുള്ള മുഴുവൻ അധ്യായങ്ങളും നീക്കി. ഏഴും എട്ടും ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽനിന്ന് ദലിത് എഴുത്തുകാരൻ ഓം പ്രകാശ് വാല്മീകിയെ കുറിച്ചുള്ള ഭാഗവും ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ മുഗളരെ കുറിച്ചുള്ള 48, 49 പേജുകളും നീക്കം ചെയ്തു.
എട്ടാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിൽ വസ്ത്രങ്ങളുമായി ബന്ധപ്പെട്ട മതപരമായ സ്വത്വങ്ങളെ കുറിച്ച് ഐനി എ ഫാറൂഖി എന്ന കലാകാരൻ എഴുതിയ 'സാമൂഹ്യ രാഷ്ട്രീയ ജീവിതം-രണ്ട്' എന്ന ലേഖനം, ഭരണഘടനാ നിർമാണവും സംസ്ഥാന രൂപവത്കരണവും പഞ്ചവൽസര പദ്ധതികളും പഠിപ്പിക്കുന്ന 10ാം അധ്യായവും ഇനിയുണ്ടാവില്ല. ഇതേ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ എൻ.സി.ഇ.ആർ.ടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനി തയാറായില്ല. വിഷയ വൈദഗ്ധ്യമുള്ളവരുമായി കൂടിയാലോചിച്ചാണ് നടപടിയെന്ന് പേരു വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒഴിവാക്കിയ വിഷയങ്ങൾ ഒന്നുകിൽ മറ്റു ക്ലാസുകളിൽ പഠിപ്പിക്കുന്നതായിരിക്കുമെന്നും അല്ലെങ്കിൽ ഭാവിയിൽ കുട്ടികൾ പഠിക്കാൻ പോകുന്നതാണെന്നും അദ്ദേഹം തുടർന്നു.
അതേ ക്ലാസിലെ മറ്റു വിഷയങ്ങളിൽ വന്ന ഭാഗങ്ങൾ ആവർത്തിക്കുന്നതു കൊണ്ടോ താഴെയോ മുകളിലോ ഉള്ള ക്ലാസുകളിൽ പഠിപ്പിക്കുന്നതു കൊണ്ടോ അതുമല്ലെങ്കിൽ പ്രയാസമുള്ളതു കൊണ്ടോ ആണ് ഈ ഭാഗങ്ങൾ നീക്കം ചെയ്തതെന്ന് എൻ.സി.ഇ.ആർ.ടി പുറത്തുവിട്ട കുറിപ്പിൽ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.