അഹ്മദാബാദ്: ഗുജറാത്തിലെ ബൊട്ടാഡ് ജില്ലയിലെ പ്രശസ്തമായ സലാങ്പൂർ ഹനുമാൻ ക്ഷേത്രത്തിലെ വിവാദ ചുവർചിത്രങ്ങൾ നശിപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. സഹജാനന്ദ് സ്വാമിയുടെ മുന്നിൽ ഹനുമാൻ മുട്ടുകുത്തി നിൽക്കുന്ന ചുവർചിത്രങ്ങളാണ് നശിപ്പിച്ചത്. സംഭവത്തിൽ ഹർഷദ് ഗധ്‍വി എന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് സൂപ്രണ്ട് കിഷോർ ബബ്ലോയ പറഞ്ഞു. ശനിയാഴ്ചയാണ് ഇയാൾ പിടിയിലായത്.
ഏതാനും മാസംമുമ്പാണ് ക്ഷേത്രത്തിൽ 54 അടി ഉയരമുള്ള ഹനുമാന്റെ പ്രതിമ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനാച്ഛാദനം ചെയ്തത്. പീഠത്തിന്റെ ഭിത്തിയിലാണ് സഹജാനന്ദ സ്വാമിക്ക് ഹനുമാൻ പ്രണാമം അർപ്പിക്കുന്ന ചുവർചിത്രങ്ങൾ ഉണ്ടായിരുന്നത്. ഇവ ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്നതാണെന്നും നീക്കം ചെയ്യണമെന്നും ചില ഹിന്ദു മത നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇവ നശിപ്പിച്ചത്.
ബാരിക്കേഡുകൾക്കിടയിലൂടെ പ്രതിമയുടെ അടുത്തേക്ക് പോയ ഹർഷദ് ഗധ്‍വി വടി ഉപയോഗിച്ച് ചുവർചിത്രങ്ങൾ നശിപ്പിക്കുകയായിരുന്നു. നേരത്തെ പ്രശസ്ത മതപ്രഭാഷകനായ മൊറാരി ബാപ്പു, ജഗന്നാഥ ക്ഷേത്രത്തിലെ ദിലീപ്ദാസ്ജി മഹാരാജ് തുടങ്ങിയവർ ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു. ചുമർചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മതനേതാക്കളുടെ പ്രതിനിധി സംഘം വ്യാഴാഴ്ച ബോട്ടാഡ് കലക്ടർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.