ഇംഫാൽ: കലാപബാധിത മേഖലയായ മണിപ്പൂരിൽ ആദ്യഘട്ട വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിൽ സംഘർഷം. അക്രമികളെ പിരിച്ചുവിടാൻ പൊലീസിന് വെടിയുതിർക്കേണ്ടി വന്നു. നാലിടത്ത് നാല് വോട്ടുയന്ത്രങ്ങൾ അക്രമികൾ തകർത്തു. ഒരു ബൂത്തിൽ അജ്ഞാതർ വോട്ടുയന്ത്രം അഗ്നിക്കിരയാക്കുകയും ചെയ്തു. ഇതേത്തുടർന്ന് ഔട്ടർ മണിപ്പൂർ മണ്ഡലത്തിലെ ചില ബൂത്തുകളിൽ ഏപ്രിൽ 26ന് റീപോളിങ് പ്രഖ്യാപിച്ചു.
ബിഷ്ണുപുർ ജില്ലയിലെ തമ്നപോക്പിയിൽ ആയുധധാരികൾ പോളിങ് ബൂത്ത് പിടിച്ചെടുക്കാൻ ശ്രമം നടത്തി. വോട്ടർമാരെ പോളിങ്ങിൽനിന്ന് പിന്തിരിപ്പിക്കലായിരുന്നു ലക്ഷ്യം. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ചു. അക്രമികൾ തെരഞ്ഞെടുപ്പ് ഏജന്റുമാരെ ഭീഷണിപ്പെടുത്തുകയും പോളിങ് സ്റ്റേഷനിൽനിന്ന് പുറത്തുപോകാൻ കൽപിക്കുകയും ചെയ്തു.
ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഉറിപോക്ക്, ഇറോയിഷേംബ, കിയാംഗെ എന്നിവിടങ്ങളിലും ഇതേ സംഭവം ആവർത്തിച്ചതായി ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതിനിടെ, ഭീഷണിപ്പെടുത്തലിൽ പ്രകോപിതരായ ഇറോയിഷെംബയിലെ വോട്ടർമാർ പോളിങ് സ്റ്റേഷനിൽ ഇടിച്ചുകയറി വോട്ടെടുപ്പ് സാമഗ്രികളും വോട്ടുയന്ത്രങ്ങളും നശിപ്പിച്ചു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുറായി മൊയിരാങ്കാമ്പു സാജെബിൽ പോളിങ് സ്റ്റേഷന് സമീപം നിന്ന 65കാരനുനേരെ അജ്ഞാതർ വെടിയുതിർത്തു.
രണ്ട് ലോക്സഭ മണ്ഡലങ്ങൾ (ഔട്ടർ മണിപ്പൂർ, ഇന്നർ മണിപ്പൂർ) മാത്രമുള്ള മണിപ്പൂരിൽ ഇന്നറിൽ പൂർണമായും ഔട്ടറിലെ 15 നിയമസഭ മണ്ഡലങ്ങളിലുമാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നത്. ഔട്ടറിലെ ബാക്കി 13 നിയമസഭ മണ്ഡലങ്ങളിലെ വിധിയെഴുത്ത് ഏപ്രിൽ 26ന് രണ്ടാംഘട്ടത്തിലാണ്. സംഘർഷസാധ്യത കണക്കിലെടുത്താണ് ഒരു മണ്ഡലത്തിൽ (ഔട്ടർ മണിപ്പൂർ) രണ്ട് ഘട്ടമായി വോട്ടെടുപ്പ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.