ഹൽദ്വാനി: കോടതി ഇടപെടലിന്റെ ആശ്വാസത്തിൽ അര ലക്ഷം പേർ

ഹൽദ്വാനി/ ഡറാഡൂൺ: സുപ്രീംകോടതിയുടെ ഇടക്കാല ഇടപെടലിന്റെ ആശ്വാസത്തിലാണ് ഹൽദ്വാനി ഗഫൂർ ബസ്തിയിലെ അരലക്ഷത്തോളം പേർ. ദിവസങ്ങളായി തുടരുന്ന പ്രാർഥനകൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലേക്കാണ് സുപ്രീംകോടതി ഉത്തരവിന്റെ വിവരമെത്തിയത്. ഇതോടെ ആശ്വാസത്തിന്റെ നിമിഷങ്ങളായിരുന്നു. ആഴ്ചകളായുള്ള അനിശ്ചിതത്വത്തിന് താൽക്കാലികമായെങ്കിലും പരിഹാരമായതിന്റെ ആശ്വാസം സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ മുഖത്ത് കാണാമായിരുന്നു. ഗഫൂർ ബസ്തി നിലകൊള്ളുന്ന സ്ഥലം റെയിൽവേയുടേതാണെന്നും ഒരാഴ്ചക്കുള്ളിൽ 4365 കുടുംബങ്ങളിലായി താമസിക്കുന്ന അരലക്ഷം പേരെ കുടിയൊഴിപ്പിക്കണമെന്നുമാണ് ഉത്തരാഖണ്ഡ് ഹൈകോടതി ഉത്തരവിട്ടത്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിനൊപ്പം പ്രതിഷേധങ്ങളും പ്രാർഥനകളുമായി തുടരുകയായിരുന്നു പ്രദേശവാസികൾ.

വ്യാഴാഴ്ച സുപ്രീംകോടതി അപ്പീൽ പരിഗണിക്കും മുമ്പ് പ്രദേശത്തെ മുസ്‍ലിം പള്ളിക്ക് മുന്നിൽ നടന്ന പ്രാർഥനയിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പ്രാർഥനയിൽ പങ്കെടുത്തിരുന്നു. ഗഫൂർ ബസ്‍തി, ദോലക് ബസ്തി, ഇന്ദിര നഗർ കോളനികളിലായാണ് 50,000 പേർ കഴിയുന്നത്. ഇവരിൽ ബഹുഭൂരിഭാഗം കുടുംബങ്ങളും 1910 മുതൽ ഇവിടെ പരമ്പരാഗതമായി താമസിച്ചുവരുന്നവരാണ്. നാല് സർക്കാർ സ്കൂളുകൾ, പത്ത് സ്വകാര്യ സ്കൂളുകൾ, ഒരു ബാങ്ക്, നാല് അമ്പലങ്ങൾ, പത്ത് മുസ്‍ലിം പള്ളികൾ, ഒരു ഖബർസ്ഥാൻ എന്നിവ ഈ പ്രദേശത്തുണ്ട്.

നൂറ്റാണ്ടിലേറെ പഴക്കമുള്ള സർക്കാർ പ്രൈമറി സ്കൂളും പ്രാഥമികാരോഗ്യ കേന്ദ്രവും കൂടി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കൈയേറ്റ ഭൂമിയാണെന്ന് പറയുന്നതെന്ന് സമരക്കാർ കുറ്റപ്പെടുത്തുന്നു. ഏഴ് മാസം ഗർഭിണിയായ ഭാര്യക്കൊപ്പമാണ് ജുനൈദ് ഖാൻ സമരത്തിനെത്തിയത്. ഡോക്ടർ പൂർണ വിശ്രമം നിർദേശിച്ചിട്ടും സമരത്തിന് വരാൻ ഭാര്യ നിർബന്ധിതയായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

2018ൽ ബി.ജെ.പി സർക്കാർ അനധികൃത ചേരികൾ തകർക്കലും ഒഴിപ്പിക്കലും തടഞ്ഞുകൊണ്ട് ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ പരിഗണനയിലാണെങ്കിൽ പോലും ചേരികളിലെ താമസക്കാരെ ഒഴിപ്പിക്കേണ്ടതില്ലെന്നായിരുന്നു സർക്കാർ തീരുമാനം.

എന്നാൽ, തങ്ങൾ ന്യൂനപക്ഷ സമുദായത്തിൽ പെട്ടതിനാലാണ് സ്വന്തം നയങ്ങൾക്കെതിരെ സർക്കാർ നിലപാട് സ്വീകരിക്കുന്നതെന്ന് പ്രക്ഷോഭകരിൽ ഒരാൾ പറഞ്ഞു. 

Tags:    
News Summary - Haldwani: Court intervention Half a million people are relieved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.