'ക്ഷണിച്ചിട്ടില്ല, കണ്ടിട്ടുമില്ല'; ബി.ജെ.പി ആരോപണത്തിൽ പ്രതികരണവുമായി ഹാമിദ് അൻസാരി

ന്യൂഡൽഹി: ഇന്ത്യയുടെ രഹസ്യ വിവരങ്ങൾ പാക് ചാരസംഘടനക്ക് കൈമാറിയെന്ന പാകിസ്താൻ മാധ്യമപ്രവർത്തകന്റെ അവകാശവാദത്തിൽ തന്നെ പ്രതിസ്ഥാനത്ത് നിർത്തിയ ബി.ജെ.പിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി.

യു.പി.എ ഭരണകാലത്ത് ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയ പാകിസ്താൻ മാധ്യമപ്രവർത്തകൻ നുസ്രത്ത് മിർസ ഇന്ത്യയിൽ നിന്നുള്ള രഹസ്യവിവരങ്ങൾ പാക് ചാരസംഘടന ഐ.എസ്.ഐക്ക് കൈമാറിയെന്ന് അവകാശപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വിഷയത്തിൽ കോൺഗ്രസും ഹാമിദ് അൻസാരിയും നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടിരുന്നു.

ആരോപണത്തിനെതിരെ ഹാമിദ് അൻസാരി രൂക്ഷമായി പ്രതികരിച്ചു. വ്യാജവിവരങ്ങളുടെ ആവർത്തനമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിൽ അംബാസഡർ ആയിരിക്കെ താൻ ദേശതാൽപര്യം പണയം വെച്ചെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. 'സർക്കാറിന്റെ ഉപദേശം പരിഗണിച്ചാണ് ഉപരാഷ്ട്രപതി വിദേശ പ്രതിനിധികളെ ക്ഷണിക്കുന്നതെന്നും ഇത് നടപ്പാകുന്നത് വിദേശകാര്യ മന്ത്രാലയം വഴിയാണെന്നും എല്ലാവർക്കും അറിയാം. 2010ൽ ഭീകരത സംബന്ധിച്ച സമ്മേളനം ഞാൻ ഉദ്ഘാടനം ചെയ്തിട്ടുണ്ട്.

സംഘാടകരാണ് പരിപാടികളിൽ പങ്കെടുക്കുന്നവരെ തീരുമാനിക്കുന്നത്. ഇതിൽ പറയുന്ന വ്യക്തിയെ ഞാൻ ക്ഷണിച്ചിട്ടില്ല, കണ്ടിട്ടുമില്ല' -അൻസാരി വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സോണിയയും അന്നത്തെ ഉപരാഷ്ട്രപതിക്കൊപ്പം വിഷയത്തിൽ മൗനം പാലിക്കുന്നത് അവർ ഈ പാപം ഏൽക്കുന്നുവെന്നതിന്റെ സൂചനയാണെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞു.

ജനങ്ങൾ നിങ്ങളോട് ഏറെ ബഹുമാനം കാണിച്ചിട്ടും നിങ്ങൾ രാജ്യത്തെ ഒറ്റുകൊടുക്കുകയാണോ എന്ന് വാർത്തസമ്മേളനത്തിൽ ഭാട്ടിയ ചോദിച്ചു. മിർസ പാകിസ്താനിൽ നൽകിയ അഭിമുഖത്തിൽ, 2005-11 കാലത്ത് അൻസാരി തന്നെ അഞ്ചു തവണ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്നും വളരെ നിർണായകമായ വിവരങ്ങൾ പങ്കുവെച്ചെന്നും പറഞ്ഞതായി ഭാട്ടിയ ആരോപിച്ചു.

Tags:    
News Summary - Hamid Ansari on row over Pak journalist's ISI claims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.