വിശ്വാസ വോട്ടെടുപ്പ് വിഡിയോ ദൃശ്യങ്ങള്‍ സ്റ്റാലിന് നല്‍കാന്‍  ഹൈകോടതി നിര്‍ദേശം

ചെന്നൈ: വിശ്വാസ വോട്ടെടുപ്പു ദിവസം നിയമസഭയിലുണ്ടായ സംഭവങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന് നല്‍കാന്‍ മദ്രാസ് ഹൈകോടതി നിയമസഭ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.  ഇത് പരിശോധിച്ച ശേഷം കോടതിയുടെ നോട്ടീസിന് സ്റ്റാലിന്‍ മറുപടി നല്‍കണം. 
എടപ്പാടി കെ. പളനിസാമി സര്‍ക്കാറിന്‍െറ വിശ്വാസവോട്ടെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിന്‍ മദ്രാസ്  ഹൈകോടതിയെ സമീപിച്ചിരുന്നു. കേസില്‍ തെളിവായി നിയമസഭയില്‍ നടന്ന സംഭവങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ സ്റ്റാലിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ നിയമസഭ സെക്രട്ടറി ദൃശ്യങ്ങള്‍ നല്‍കിയില്ളെന്ന് സ്റ്റാലിന്‍െറ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിരമിച്ച ശേഷവും സംസ്ഥാന സര്‍ക്കാര്‍ സര്‍വിസ് നീട്ടി നല്‍കിയയാളാണ് നിയമസഭ സെക്രട്ടറി ജമാലുദ്ദീനെന്നും അദ്ദേഹം ഭരണകക്ഷിക്ക് അനുകൂലമായി മറുപടി നല്‍കുമെന്നും കോടതിയില്‍ ബോധിപ്പിച്ചു.

തുടര്‍ന്നാണ് ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കാന്‍ നിയമസഭ സെക്രട്ടറിയോട് പ്രഥമ ബെഞ്ച് നിര്‍ദേശിച്ചത്. കോടതിയുടെ ആവശ്യപ്രകാരം സഭയില്‍ നടന്ന സംഭവങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ സെക്രട്ടറി കോടതിയില്‍ ഹാജരാക്കിയിരുന്നു. തമിഴ്നാട് നിയസഭ ചട്ടപ്രകാരം രഹസ്യവോട്ടെടുപ്പിനുള്ള അനുമതി ഇല്ളെന്ന് സത്യവാങ്മൂലത്തില്‍ സെക്രട്ടറി അറിയിച്ചു. വിഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം കാണിക്കാനുള്ള സാധ്യതയുണ്ടെന്ന് സ്റ്റാലിന്‍െറ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, സഭയുടെ പ്രസ് ഗാലറിയില്‍ 67 മാധ്യമപ്രവര്‍ത്തകര്‍ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയിരുന്നെന്നും അതിനാല്‍, കൃത്രിമം നടത്താന്‍ ആരും മുതിരുകയില്ളെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. സ്റ്റാലിന്‍െറ ഹരജി 24ലേക്ക് മാറ്റി. 

ജനറല്‍ സെക്രട്ടറി പദവി: ശശികല മറുപടിനല്‍കി
ചെന്നൈ: അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് സംബന്ധിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍െറ നോട്ടീസിന് ശശികല നടരാജന്‍ മറുപടിനല്‍കി. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അവര്‍ അഭിഭാഷകന്‍ മുഖേനയാണ് 70 പേജുള്ള മറുപടിനല്‍കിയത്. പാര്‍ട്ടി നിയമാവലി അനുസരിച്ച് ജനറല്‍ കൗണ്‍സില്‍ ചേര്‍ന്നാണ് തന്നെ നിയമിച്ചതെന്നും അന്നത്തെ പാര്‍ട്ടി പ്രസീഡിയം ചെയര്‍മാനായിരുന്ന ഇ. മധുസൂദനന്‍ അടക്കമുള്ളവരുടെ അനുമതിയുണ്ടായിരുന്നെന്നും ശശികല വ്യക്തമാക്കി. അണ്ണാഡി.എം.കെ നിയമാവലി മറികടന്നാണ് ശശികലയെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചതെന്ന് ആരോപിച്ച് പന്നീര്‍സെല്‍വം പക്ഷത്തെ വി. മൈത്രേയന്‍ എം.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു. 
പാര്‍ട്ടി ചട്ടമനുസരിച്ചു താല്‍ക്കാലിക ജനറല്‍ സെക്രട്ടറി പദവിയില്ളെന്നും പ്രാഥമികാംഗങ്ങള്‍ വോട്ടുചെയ്താണ് നേതാവിനെ തെരഞ്ഞെടുക്കേണ്ടതെന്നുമാണ് വിമതപക്ഷത്തിന്‍െറ വാദം. മറുപടി നല്‍കാന്‍ ശശികലക്ക് കമീഷന്‍ നോട്ടീസയച്ചിരുന്നു. ശശികല നിയമിച്ച പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന്‍ നല്‍കിയ മറുപടി കമീഷന്‍ നിരസിച്ചിരുന്നു. കമീഷന്‍െറ രേഖകളില്‍ ദിനകരന്‍ പാര്‍ട്ടി ഭാരവാഹിയല്ളെന്ന് ചൂണ്ടിക്കാട്ടിയാണ് കമീഷന്‍െറ നടപടി. ശശികലയോട് നേരിട്ട് അല്ളെങ്കില്‍ പ്രതിനിധികള്‍ വഴി മറുപടിനല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Tags:    
News Summary - Hand over video footage of trust vote chaos to MK Stalin, HC tells

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.