ചെന്നൈ: ഇതര മതക്കാരനെ വിവാഹം കഴിച്ചതുെകാണ്ട് മതം മാറിയെന്ന് അർഥമാക്കാൻ കഴിയില്ലെന്ന് കോടതി. പള്ളിയിൽ പോകുന്നതുകൊണ്ടോ ഭിത്തിയിൽ കുരിശ് തൂക്കിയതുകൊണ്ടോ ഒരാൾ ജനിച്ച മതം ഉപക്ഷേിച്ച് മറ്റൊരു മതം സ്വീകരിച്ചെന്ന് അർഥമാക്കുന്നില്ലെന്ന് മദ്രാസ് ഹൈകോടതി വ്യക്തമാക്കി. ക്രിസ്ത്യൻ യുവാവിനെ വിവാഹം കഴിച്ച യുവതിക്ക് പട്ടികജാതി സമുദായ സർട്ടിഫിക്കറ്റ് നിഷേധിച്ച സംഭവത്തിലാണ് ഹൈകോടതിയുടെ പരാമർശം.
ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി, ജസ്റ്റിസ് എം. ദുരൈസ്വാമി എന്നിവരുടേതാണ് നിരീക്ഷണം. രാമനാഥപുരം സ്വദേശിയായ വനിത ഡോക്ടറാണ് എസ്.സി സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ പരാതി നൽകിയത്. വിവാഹം കഴിച്ച വ്യക്തി ക്രിസ്ത്യൻ ആയതിനാൽ തനിക്ക് ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ചുവെന്നാണ് യുവതിയുടെ പരാതി. 2013ൽ ജില്ല കലക്ടർ ഹിന്ദു പള്ളൻ സമുദായത്തിൽപ്പെട്ട തന്‍റെ സർട്ടിഫിക്കറ്റ് റദ്ദാക്കിയതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു യുവതി.
'ഒരു പ്രത്യേക സമുദായത്തിലെ അംഗം മറ്റൊരു സമുദായത്തെയോ മതത്തെയോ ബഹുമാനിക്കുന്നതിൽ ഒന്നും അനുമാനിക്കാൻ കഴിയില്ല. അത് ഭരണഘടനാപരവുമാണ്' -കോടതി നിരീക്ഷിച്ചു. കൂടാതെ യുവതിയുടെ ജാതി സർട്ടിഫിക്കറ്റ് ഉടൻ തന്നെ പുനസ്ഥാപിക്കാൻ ജില്ല ഭരണകൂടത്തിന് നിർദേശം നൽകുകയും ചെയ്തു. സർട്ടിഫിക്കറ്റ് റദ്ദാക്കിയ നടപടി ഭരണഘടന വിരുദ്ധവും സങ്കുചിത മനോഭാവവുമാണ് കാണിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരി ഹിന്ദു പള്ളൻ സമുദായത്തിൽപ്പെട്ട മാതാപിതാക്കൾക്കാണ് ജനിച്ചതെന്ന് കാര്യത്തിൽ തർക്കമില്ല. അതിനാൽ അവർ സമുദായ സർട്ടിഫിക്കറ്റിന് അർഹയാണെന്നും കോടതി പറഞ്ഞു.
അതേസമയം, പരാതിക്കാരിയുടെ മെഡിക്കൽ ക്ലിനിക്കിൽ െചന്നപ്പോൾ ഭിത്തിയിൽ കുരിശ് സ്ഥാപിച്ചിരിക്കുന്നത് കണ്ടിരുന്നുവെന്നായിരുന്നു ബന്ധപ്പെട്ട അധികൃതരുടെ വാദം. ഇതോടെ യുവതി ക്രിസ്ത്യൻ വിശ്വാസത്തിലേക്ക് മാറിയെന്ന് കരുതിയതായും തുടർന്നാണ് സമുദായ സർട്ടിക്കറ്റ് റദ്ദാക്കിയതെന്നും അവർ പറഞ്ഞു.
അതേസമയം സത്യവാങ്മൂലത്തിൽ ഹരജിക്കാരൻ തന്‍റെ വിശ്വാസം ഉപേക്ഷിച്ചുവെന്നോ ക്രിസ്തുമതം സ്വീകരിച്ചെന്നേ നിർദേശമില്ല. ഒരു കുടുംബത്തിലെ അംഗമെന്ന നിലയിൽ ഭർത്താവിന്‍റെയും കുട്ടികളുടെയും വിശ്വാസങ്ങളെ അനുഗമിക്കാം. അതിനെ തുടർന്ന് പള്ളിയിൽ പോകുന്നു എന്നതുെകാണ്ട് വ്യക്തി ജനിച്ച മതം ഉപേക്ഷിച്ചുവെന്ന് അർഥമാക്കുന്നില്ല -കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.