ഹനുമാൻ ചാലിസ ജപിക്കുമെന്ന് വെല്ലുവിളി: എം.പി-എം.എൽ.എ ദമ്പതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സ്വകാര്യ വസതിയായ മാതോശ്രീക്ക് മുമ്പിൽ ഹനുമാൻ ചാലിസ ജപിക്കുമെന്ന് വെല്ലുവിളി നടത്തി അറസ്റ്റിലായ എം.പി-എം.എൽ.എ ദമ്പതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അമരാവതി എം.പി നവനീത് റാണയെയും ഭർത്താവും എം.എൽ.എയുമായ രവി റാണയെയും മേയ് ആറു വരെയാണ് മുംബൈ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

നാടകീയ നീക്കങ്ങൾക്കൊടുവിൽ ശനിയാഴ്ച വൈകീട്ടാണ് ഇരുവരെയും ഖറിലെ വീട്ടിൽനിന്ന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം 153 എ (ഇരു വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തൽ) വകുപ്പു പ്രകാരം കേസെടുത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി തള്ളിക്കളഞ്ഞു. ഇരുവരുടെയും ജാമ്യാപേക്ഷ ഈമാസം 29ന് പരിഗണിക്കും.

മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽനിന്നുള്ള സ്വതന്ത്ര ജനപ്രതിനിധികളാണ് ഇരുവരും. ഹനുമാൻ ചാലിസ ചൊല്ലാനുള്ള തീരുമാനത്തിനു പിന്നാലെ മുംബൈയിലെ ഇവരുടെ അപ്പാർട്ട്മെന്‍റിനു മുന്നിൽ ശിവസേന പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

അറസ്റ്റിനെതിരെ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. വിഷയം വളരെ ബാലിശമായാണ് സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - Hanuman Chalisa row: Ravi, Navneet Rana sent to judicial custody till May 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.