ന്യൂഡൽഹി: അലോപ്പതിക്കെതിരെ ഗുരുതര ആരോപണം ഉയർത്തിയ യോഗഗുരു ബാബാ രാംദേവിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ രംഗത്ത്. താങ്കൾ കോവിഡ് പോരാളികളെ മാത്രമല്ല,രാജ്യത്തെ ജനങ്ങളെ മൊത്തം വേദനിപ്പിച്ചെന്ന് ഹർഷവർധൻ രാംദേവിന് അയച്ച കത്തിൽ പറഞ്ഞു.
''അലോപ്പതിക്കെതിരെയുള്ള താങ്കളുടെ പ്രതികരണം രാജ്യത്തെ വേദനിപ്പിച്ചിട്ടുണ്ട്. ഇത് ഞാൻ ഫോണിലൂടെ പറഞ്ഞതാണ്.ജീവൻ പണയം വെച്ച് കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും ദൈവങ്ങളാണ്.
നിങ്ങൾ ഇവരെ മാത്രമല്ല, രാജ്യത്തെ ജനങ്ങളെ മൊത്തം വേദനിപ്പിച്ചു. നിങ്ങളുടെ വിശദീകരണം പോര. ഇതിനെക്കുറിച്ച് ഗാഢമായി ചിന്തിച്ച് പ്രസ്താവന പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നു'' -ആരോഗ്യമന്ത്രി കത്തിൽ പറഞ്ഞു. സംഘ്പരിവാർ കേന്ദ്രങ്ങൾ രാംദേവിനെ പിന്തുണക്കുന്നുണ്ടെങ്കിലും ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ രൂക്ഷമായ പ്രതികരണങ്ങളാണ് രാംദേവിനെ തള്ളിപ്പറയാൻ കേന്ദ്ര സർക്കാറിനെ പ്രേരിപ്പിച്ചത്.
അലോപ്പതി മണ്ടൻ ശാസ്ത്രമാണെന്നും ലക്ഷക്കണക്കിന് കോവിഡ് രോഗികൾ മരിച്ചുവീണത് അലോപ്പതി മരുന്ന് കഴിച്ചിട്ടാണെന്നും രാംദേവ് ആരോപിച്ചിരുന്നു. ഇതിനെതിരെ കടുത്ത നിലപാടമായി ഡോക്ടർമാരുടെ സംഘടനയായ െഎ.എം.എ രംഗത്തെത്തിയിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച് പൊതുജനങ്ങളെ ചികിത്സയിൽനിന്ന് അകറ്റുന്ന രാംദേവിനെ പിടിച്ച് തുറങ്കിലടക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു.
പതഞ്ജലി സംഘടിപ്പിച്ച കോവിഡ് ബോധവത്കരണ ചടങ്ങിൽ രാംേദവ് സംസാരിക്കുന്ന വിഡിയോ ആണ് ഇപ്പോൾ വൈറലായത്. "അലോപ്പതി ഒരു മണ്ടൻ, മുടന്തൻ ശാസ്ത്രമാണ്. ആദ്യം, ഹൈഡ്രോക്സി ക്ലോറോക്വിൻ പരാജയപ്പെട്ടു. പിന്നെ റെംഡെസിവിർ, ഐവർമെക്റ്റിൻ, പ്ലാസ്മ തെറാപ്പി എന്നിവയും പരാജയപ്പെട്ടു. ഫാബിഫ്ലു, സ്റ്റിറോയിഡുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ആൻറിബയോട്ടിക്കുകളും പരാജയപ്പെട്ടു. ഓക്സിജന്‍റെ അഭാവം കാരണമല്ല, അലോപ്പതി മരുന്നുകൾ മൂലമാണ് ലക്ഷക്കണക്കിന് കോവിഡ് രോഗികൾ മരിച്ചത്" -ബാബാ രാംദേവ് പറഞ്ഞു.
ഇതിനെതിരെ രാജ്യത്തിന്‍റെ വിവധ കോണുകളിൽനിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നിരുന്നു. രാംദേവിന്‍റെ അടിസ്ഥാനരഹിതമായ പ്രസ്താവനക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഐ.എം.എ മുന്നറിയിപ്പ് നൽകി. "പതഞ്ജലി മരുന്നുകമ്പനിയുടെ ഉടമയും കോർപ്പറേറ്റ് ഭീമനുമായ രാംദേവ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തന്‍റെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനാണ് ശ്രമിക്കുന്നത്. പൊതുജനങ്ങളിൽ ഭയവും നിരാശയും സൃഷ്ടിച്ച് അംഗീകാരമില്ലാത്ത തന്‍റെ മരുന്നുകൾ വിറ്റ് ചുളുവിൽ പണം സമ്പാദിക്കാനുമാണ് അയാളുടെ ശ്രമം -ഐഎംഎ ആരോപിച്ചു.
അതേസമയം, രോഗബാധിതനായപ്പോൾ നിരവധി തവണ മികച്ച ആശുപത്രികളിൽ പ്രവേശിച്ച് ചികിത്സതേടിയ രാംദവ് ഇപ്പോൾ ഡോക്ടർമാരെ ചീത്ത വിളിക്കുകയും മെഡിക്കൽ സയൻസിനെ പരിഹസിക്കുകയും ചെയ്യുകയാണെന്ന് യൂത്ത് കോൺഗസ് വാക്താവ് ശ്രീവത്സ ആരോപിച്ചു. മോദിയുടെ അനുഗ്രഹാശിസ്സുകളാണ് ഇത്തരക്കാെര ശക്തിപ്പെടുത്തുന്നത്. ഈ തട്ടിപ്പ് ബാബയെ പകർച്ചവ്യാധി നിയമപ്രകാരം അറസ്റ്റ് ചെയ്യണം -അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.