ന്യൂഡൽഹി: റിലയൻസ് ജിയോയുടെ കാര്യത്തിൽ ചെയ്ത വിപണനതന്ത്രം പോലെയാകും പുതിയ കാർഷിക ബില്ല് വന്നാലുള്ള അവസ്ഥയെന്ന് ഗ്രാമീണ കർഷകൻ പറഞ്ഞതായി കേന്ദ്ര മന്ത്രിസഭയിൽനിന്ന് രാജിവെച്ച ഹർസിമ്രത് കൗർ ബാദൽ. സ്വകാര്യ കമ്പനികൾ കുത്തകയാക്കപ്പെടുന്നതോടെ കാർഷിക മേഖലയിൽനിന്ന് സാധാരണക്കാർ പുറത്താകുമെന്ന് അവർക്ക് ആശങ്കയുണ്ട്. 'ജിയോ വന്നു, അവർ ഒരുപാട് സൗജന്യങ്ങൾ നൽകി. ഈ മേഖലയിൽ കുത്തകയായതോടെ അവരുടെ നിരക്കുകൾ വർധിപ്പിച്ചു. ഇതുതന്നെയാണ് കാർഷിക ബില്ല് പാസായാൽ കോർപറേറ്റുകൾ നടപ്പാക്കാൻ പോകുന്നത്' -മുൻ കേന്ദ്ര മന്ത്രി പറഞ്ഞു.
കർഷകവിരുദ്ധ നിയമപരിഷ്കരണങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദളിെൻറ ഹർസിമ്രത് കൗർ ബാദൽ കേന്ദ്രമന്ത്രിസഭയിൽനിന്ന് കഴിഞ്ഞദിവസമാണ് രാജിവെച്ചത്. വിവാദ ബില്ലുകളിൽ ലോക്സഭയിൽ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പാണ് ഭർത്താവും ശിരോമണി അകാലിദൾ അധ്യക്ഷനുമായ സുഖ്ബീർസിങ് ബാദൽ ലോക്സഭയിൽ മന്ത്രിയുടെ രാജിക്കാര്യം പ്രഖ്യാപിച്ചത്.
കർഷകവിരുദ്ധ നിയമനിർമാണങ്ങൾക്കെതിരെ പഞ്ചാബിൽ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഭക്ഷ്യ സംസ്കരണ, വ്യവസായ വകുപ്പു മന്ത്രിയുടെ രാജി. നിയമപരിഷ്കരണങ്ങൾക്കെതിരെ ആഴ്ചകളായി പഞ്ചാബിലും ഹരിയാനയിലും സമരം നടക്കുകയാണ്.
പഞ്ചാബിൽ മാറിമാറി വന്ന സർക്കാറുകൾ കാർഷിക മേഖലക്കായി ചെയ്ത അര നൂറ്റാണ്ട് കാലത്തെ കഠിനാധ്വാനം പാഴാക്കുന്ന നിയമനിർമാണങ്ങളാണ് മോദിസർക്കാർ നടത്തുന്നതെന്ന് ബാദൽ കുറ്റപ്പെടുത്തിയിരുന്നു. ബില്ലിന്മേൽ നടന്ന വോട്ടെടുപ്പിൽ എതിർത്ത് വോട്ടും ചെയ്തു. ബി.ജെ.പിയുടെ ഏറ്റവും പഴക്കമുള്ള സഖ്യകക്ഷിയാണ് ശിരോമണി അകാലിദൾ. മന്ത്രിസഭയിൽ പാർട്ടിയുടെ ഏക അംഗമായിരുന്നു ഹർസിമ്രത് കൗർ ബാദൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.