ഡൽഹി ചലോ മാർച്ചിൽ അണിനിരന്ന കർഷകർക്ക് നേരെ 2024 ഫെബ്രുവരി 13ന് ഹരിയാനയിലെ ശംഭു അതിർത്തിയിൽ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചപ്പോൾ -ഫയൽ ചിത്രം 

ഹരിയാനയിൽ കർഷക രോഷത്തിന്‍റെ ചൂടറിഞ്ഞ് ബി.ജെ.പി

ചണ്ഡീഗഡ്: ഹരിയാന തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുരോഗമിക്കവേ കർഷകരോഷത്തിന്‍റെ ചൂടറിഞ്ഞ് ബി.ജെ.പി. രാജ്യവ്യാപകമായി അലയടിച്ച കർഷക പ്രക്ഷോഭത്തിന്‍റെ ശക്തികേന്ദ്രമായിരുന്നു ഹരിയാന. ഇതോടൊപ്പം ഭരണവിരുദ്ധ വികാരം കൂടിയായതോടെ ബി.ജെ.പിക്ക് നിലതെറ്റുന്ന കാഴ്ചയാണ് ഹരിയാനയിൽ.

ഈ വർഷം ഫെബ്രുവരിയിലാണ് വിവിധ കർഷകസംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഡൽഹി ചലോ മാർച്ച് സംഘടിപ്പിച്ചത്. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ രാജ്യതലസ്ഥാനത്ത് സമരത്തിൽ തുടരുമെന്ന് തീരുമാനിച്ച് നീങ്ങിയ കർഷകരെ ഹരിയാനയിലെ ബി.ജെ.പി സർക്കാർ അതിക്രൂരമായാണ് നേരിട്ടത്.

2021ല്‍ റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ തങ്ങളുടെ പ്രക്ഷോഭം പിന്‍വലിക്കാന്‍ സമ്മതിച്ചപ്പോള്‍ കര്‍ഷകര്‍ മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങളിലൊന്ന് കുറഞ്ഞ താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം വേണമെന്നതായിരുന്നു. എന്നാൽ, കേന്ദ്രം തങ്ങളെ കബളിപ്പിക്കുന്നത് തുടരുകയാണെന്ന് മനസ്സിലാക്കിയതോടെ കർഷകർ വീണ്ടും കടുത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുകയായിരുന്നു.

ഹരിയാന-ഡൽഹി അതിർത്തിയിൽ ശത്രുസേനയൊടെന്ന പോലെ കർഷകരെ പൊലീസും കേന്ദ്ര സേനയും നേരിട്ടത് രാജ്യമാകെ നേരിൽകണ്ടു. നിരായുധരായി സമരം ചെയ്ത കർഷകരുടെ മേൽ ഡ്രോൺ ഉപയോഗിച്ച് വരെ ടിയർ ഗ്യാസുകൾ പ്രയോഗിച്ചു. ആക്രമണത്തിൽ പരിക്കേറ്റ കർഷകർ മരിക്കുന്ന സംഭവങ്ങളുമുണ്ടായി. ഈ ക്രൂരതകൾക്കെല്ലാം തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകിയിരിക്കുകയാണ് ഹരിയാനയിലെ കർഷകർ.

ഏറ്റവുമൊടുവിലത്തെ ഫലം വരുമ്പോൾ 53 സീറ്റിലാണ് കോൺഗ്രസ് മുന്നിട്ടുനിൽക്കുന്നത്. ബി.ജെ.പി 30 സീറ്റിലൊതുങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ നിർണായക ശക്തിയായിരുന്ന ജെ.ജെ.പി ഒരു സീറ്റിൽ മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളുമായി ബി.ജെ.പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 31 സീറ്റിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. 10 സീറ്റില്‍ വിജയിച്ച ജെ.ജെ.പി നിർണായക ശക്തിയാവുകയും ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെട്ട് സർക്കാറിന്‍റെ ഭാഗമാവുകയും ചെയ്തു. 

Tags:    
News Summary - Haryana Assembly Election 2024, the heat of farmers' anger towards BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.