ഹരിയാനയിൽ ബി.ജെ.പിക്ക് ഹാട്രിക്ക്; വിശ്വസിക്കാനാകാതെ കോൺഗ്രസ്; പാർട്ടിക്ക് പിഴച്ചതെവിടെ?

ന്യൂഡൽഹി: ഹരിയാനയിൽ എക്സിറ്റുപോളുകളെല്ലാം പ്രവചിച്ചിരുന്നത് കോൺഗ്രസിന്‍റെ അനായാസ വിജയമായിരുന്നു. തുടർച്ചയായി രണ്ടു തവണ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം കോൺഗ്രസിന് ഭൂരിപക്ഷം നൽകുമെന്നായിരുന്നു പ്രവചനം.

സംസ്ഥാനത്ത് ആദ്യഘട്ടത്തിലെ ഫലസൂചനകളും ഇത് ശരിവെക്കുന്ന തരത്തിലായിരുന്നു. ആദ്യത്തെ രണ്ടു മണിക്കൂറിൽ വ്യക്തമായ ലീഡ് നേടി മുന്നേറിയിരുന്ന കോൺഗ്രസ് അരമണിക്കൂർ കൊണ്ടാണ് പിന്നിലേക്ക് പോയത്. ഉച്ചയോടുകൂടി ബി.ജെ.പി മാജിക് നമ്പർ നേടുമെന്ന് ഏറെക്കുറെ ഉറപ്പായി. ഹാട്രിക് വിജയത്തിലേക്ക്. ഭൂപീന്ദർ ഹൂഡയും കോൺഗ്രസ് പാർട്ടിയും ഇത്തവണയും പ്രതിപക്ഷത്തിരിക്കും. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാനത്ത് ബി.ജെ.പി 50 സീറ്റുകളിൽ വിജയിക്കുകയോ, മുന്നേറുകയോ ചെയ്യുന്നുണ്ട്. കോൺഗ്രസ് സഖ്യം 35 സീറ്റുകളിലാണ് മുന്നേറുന്നത്. ഇന്ത്യൻ നാഷനൽ ലോക്ദൾ രണ്ടു സീറ്റിൽ ജയിച്ചു.

രാവിലെ ആഘോഷത്തിലായിരുന്നു കോൺഗ്രസ് ക്യാമ്പ്. പാർട്ടി ആസ്ഥാനത്ത് മധുരപലഹാരങ്ങൾ വരെ വിതരണം ചെയ്തിരുന്നു. ഭരണം പിടിക്കുമെന്ന ഉറപ്പിൽ സർക്കാർ രൂപവത്കരണ ചർച്ചകൾക്കായി ഡൽഹിയിൽനിന്ന് നേതാക്കൾ ചണ്ഡീഗഡിലേക്ക് പറന്നു. പൊടുന്നനെയാണ് സാഹചര്യങ്ങൾ മാറിമറിഞ്ഞത്. കോൺഗ്രസിന്‍റെ ലീഡ് കുത്തനെ താഴോട്ട്, ബി.ജെ.പിയുടെ കുതിപ്പ്. കോൺഗ്രസ് ക്യാമ്പിൽ നിരാശയും നിശബ്ദയും. ഇതിനിടെ തെരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

പിന്നാലെ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന ഗുരുതര ആരോപണവുമായി മുതിർന്ന നേതാവ് ജയറാം രമേശ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ബി.ജെ.പിയുടെ വിജയം കൃത്രിമമാണ്. തെരഞ്ഞെടുപ്പ് ഫലം തീർത്തും അപ്രതീക്ഷിതമാണ്. അംഗീകരിക്കാനാകില്ല. പല മണ്ഡലങ്ങളിൽനിന്നും പരാതികൾ വരുന്നുണ്ടെന്നും ബി.ജെ.പി ജനാധിപത്യത്തെ അട്ടിമറിച്ചെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. ഗ്രാമീണ മേഖലകൾ കോൺഗ്രസിനൊപ്പം നിന്നപ്പോൾ, നഗര വോട്ടർമാർ പാർട്ടിയെ കൈവിട്ടതായാണ് പ്രാഥമിക വിലയിരുത്തിൽ.

കർഷകരോഷവും ഗുസ്തിതാരങ്ങളുടെ പ്രതിഷേധവും അഗ്നിവീർ പദ്ധതിയും ഉൾപ്പെടെ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്ത വിഷയങ്ങളൊന്നും ബി.ജെ.പിയുടെ മുന്നേറ്റത്തെ തടുക്കാൻ പര്യാപ്തമായില്ലെന്നാണ് ഫലം കാണിക്കുന്നത്. ബി.ജെ.പി ശക്തികേന്ദ്രങ്ങളായ നഗരമണ്ഡലങ്ങളിൽ പോളിങ് കുത്തനെ താഴ്ന്നതും ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന കണക്കുകൂട്ടലുകളും പ്രതിപക്ഷത്തിന് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, അതുമുണ്ടായില്ല. പത്തു വർഷമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിക്കെതിരെയുള്ള ശക്തമായ ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമാകുമെന്ന കോൺഗ്രസിന്‍റെ അമിത ആത്മവിശ്വാസത്തിനുള്ള തിരിച്ചടിയായി ഫലം.

സംസ്ഥാനത്തെ പ്രബല വിഭാഗമായ ജാട്ട് സമുദായ വോട്ടുകളിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, ജാട്ട് ഇതര വോട്ടുകൾ ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ പ്രവർത്തനം ഫലം കണ്ടു. ജാട്ട് വോട്ടുകളിലും ബി.ജെ.പിക്ക് കടന്നുകയറാനായി. 28 ജാട്ട് സ്ഥാനാർഥികളെയാണ് കോൺഗ്രസ് മത്സരിപ്പിച്ചിരുന്നത്. ബി.ജെ.പി 16 പേരെയും. ജാട്ട് സമുദായത്തിന് ഭൂരിപക്ഷമുള്ള പശ്ചിമ ഹരിയാനയിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായതും പാർട്ടിയെ ഹാട്രിക് വിജയത്തിലേക്ക് സഹായിച്ചു. മുൻ മുഖ്യമന്ത്രിയായ ഭൂപീന്ദർ സിങ് ഹൂഡയെ മുന്നിൽനിർത്തിയായിരുന്നു കോൺഗ്രസിന്‍റെ പ്രചാരണം.

പ്രമുഖ ജാട്ട് നേതാവായ ഭൂപീന്ദറിനെതിരെയുള്ള അഴിമത ആരോപണങ്ങളും തിരിച്ചടിയായി. കോൺഗ്രസ് ക്യാമ്പിലെ തർക്കവും കാര്യങ്ങൾ ബി.ജെ.പിക്ക് അനുകൂലമാക്കി. ഹൂഡ വിഭാഗവും കുമാരി സെൽജ വിഭാഗവും തമ്മിൽ ഭിന്നതകളുണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടിയിരുന്നില്ലെങ്കിലും ഹൂഡയെ മുൻനിർത്തിയുള്ള പ്രചാരണം ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ അദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന ചർച്ചക്ക് കാരണമായി. കൂടാതെ, സ്ഥാനാർഥിത്വം ലഭിക്കാത്തവർ വിമതരായി രംഗത്തിറങ്ങിയതും പാർട്ടി വോട്ടുകളിൽ വിള്ളലുണ്ടാക്കി. മൊത്തം 2,565 സ്ഥാനാർഥി അപേക്ഷകളാണ് കോൺഗ്രസിന് ലഭിച്ചത്. നിലവിലെ മുഖ്യമന്ത്രി നയാബ് സൈനി തന്നെ പുതിയ ബി.ജെ.പി സർക്കാറിനെ നയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

Tags:    
News Summary - Haryana Assembly Election 2024: What Went Wrong For Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.