ന്യൂഡൽഹി: പശുക്കടത്ത് ആരോപിച്ച് രണ്ടു മുസ്ലീം യുവാക്കളെ ചുട്ടുകൊന്ന കേസിൽ കുപ്രസിദ്ധനായ ഒളിവിൽ കഴിയുന്ന മോനു മനേസർ (മോഹിത് യാദവ്) വി.എച്ച്.പി റാലിയിൽ പ്രത്യക്ഷപ്പെട്ടു എന്നാരോപിച്ച് ഹരിയാനയിൽ വൻ സംഘർഷം. രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പൊലീസ് വാഹനങ്ങളുൾപ്പെടെ അഗ്നിക്കിരയാക്കി. ഹരിയാനയിലെ നുഹ് ജില്ലയിലാണ് വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) ശോഭാ യാത്ര നടന്നത്.
മേവാത്ത് ഏരിയയിൽ നടക്കുന്ന മെഗാ റാലിയിൽ എല്ലാവരോടും പങ്കെടുക്കാൻ മോനു മനേസർ സാമൂഹ്യമാധ്യമങ്ങൾ വഴി ആഹ്വാനം ചെയ്തിരുന്നു. ഒളിവിലായിരുന്ന ഇയാൾ റാലിയിലെത്തി ആരോപിച്ചാണ് കല്ലേറുണ്ടാകുന്നതും വൻ സംഘർഷങ്ങളിലേക്ക് നീങ്ങുന്നതും.
ഫെബ്രുവരി 16നാണ് ഹരിയാനയിലെ ഭിവാനിയിലെ ലോഹറുവിലെ ബർവാസ് ഗ്രാമത്തിന് സമീപം കത്തിക്കരിഞ്ഞ ബൊലേറോയിൽ നിന്ന് രണ്ട് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. നസീർ (25), ജുനൈദ് (35) എന്നിവരാണ് മരിച്ചത്. ഭരത്പൂരിൽ നിന്ന് ഇരുവരെയും ബജ്‌റംഗ്ദൾ പ്രവർത്തകർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകായായിരുന്നു. ഈ കേസിൽ പൊലീസ് തിരയുന്ന പ്രതിയാണ് മോനു മനേസർ.
അതേസമയം, നുഹ് ജില്ലയിൽ സംഘർഷത്തെ തുടർന്ന് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.