നുഹ് (ഹരിയാന): ഭരത്പുരിൽ കാലിക്കടത്ത് ആരോപിച്ച് രണ്ടു മുസ്‍ലിം യുവാക്കളെ ചുട്ടുകൊന്ന സംഭവത്തിൽ പ്രതിയെ അന്വേഷിച്ചെത്തിയ രാജസ്ഥാൻ പൊലീസിനെതിരെ കേസെടുത്ത് ഹരിയാന പൊലീസ്. പ്രതികളിലൊരാളായ ശ്രീകാന്ത് പണ്ഡിറ്റിന്റെ മാതാവിന്റെ പരാതിയിലാണ് രാജസ്ഥാൻ പൊലീസിലെ 30-40 ഉദ്യോഗസ്ഥർക്കെതിരെ നുഹ് ജില്ലയിലെ നാജിന പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്.
മകനെ പിടികൂടാനെത്തിയ പൊലീസിന്റെ അതിക്രമത്തിൽ ഗർഭിണിയായ മരുമകൾക്ക് പരിക്കേറ്റെന്നും ഗർഭസ്ഥശിശു മരണപ്പെട്ടതായും ആരോപിച്ച് ദുലാരി ദേവി നൽകിയ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അപകടകരമായ ആയുധങ്ങളുമായി ലഹളയുണ്ടാക്കൽ, നിയമവിരുദ്ധ ഒത്തുചേരൽ, സ്ത്രീകൾക്കെതിരായ അതിക്രമം, അതിക്രമിച്ചുകയറൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഗർഭസ്ഥശിശുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് അനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് നുഹ് പൊലീസ് സൂപ്രണ്ട് വരുൺ സിംഗ്ല പറഞ്ഞു. അതേസമയം, വീടിനുള്ളിൽ കയറിയിട്ടില്ലെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.