ന്യൂഡൽഹി: ഹരിയാനയിൽ എക്സിറ്റ് പോളുകൾ തെറ്റിച്ചുകൊണ്ടുള്ള ബി.ജെ.പി മുന്നേറ്റം. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസാണ് മുന്നിട്ടുനിന്നതെങ്കിൽ പിന്നീട് ബി.ജെ.പി തിരിച്ചുകയറുകയായിരുന്നു. 90 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ ബി.ജെ.പി -48, കോൺഗ്രസ് -36, മറ്റുള്ളവർ -ആറ് എന്നിങ്ങനെയാണ് ഹരിയാനയിലെ ലീഡ് നില.
അതേസമയം, ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യം വ്യക്തമായ മുന്നേറ്റം തുടരുകയാണ്. 52 സീറ്റിലാണ് സഖ്യം മുന്നിലുള്ളത്. ബി.ജെ.പി 28 സീറ്റിലും പി.ഡി.പി രണ്ട് സീറ്റിലുമാണ് മുന്നിലുള്ളത്. എട്ട് സീറ്റിൽ മറ്റുള്ളവരും മുന്നിട്ടുനിൽക്കുന്നു. ജമ്മു കശ്മീരിലും ആകെ 90 സീറ്റുകളാണ്.
കർഷകരോഷവും ഗുസ്തിതാരങ്ങളുടെ പ്രതിഷേധവും അഗ്നിവീർ പദ്ധതിയും ഉൾപ്പെടെ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്ത വിഷയങ്ങളൊന്നും ബി.ജെ.പിയുടെ മുന്നേറ്റത്തെ തടുക്കാൻ പര്യാപ്തമായില്ലെന്നാണ് ഹരിയാനയിൽ നിന്ന് പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ബി.ജെ.പി ശക്തികേന്ദ്രങ്ങളായ നഗരമണ്ഡലങ്ങളിൽ പോളിങ് കുത്തനെ താഴ്ന്നതും ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന കണക്കുകൂട്ടലുകളും പ്രതിപക്ഷത്തിന് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, അതുണ്ടായില്ല.
ജമ്മു- കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിനാണ് നേരത്തെ തന്നെ മുൻതൂക്കം പ്രവചിച്ചിരുന്നത്. 370ാം വകുപ്പ് റദ്ദാക്കിയശേഷമുള്ള കശ്മീരിലെ ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിൽ ഏറെ പ്രാധാന്യമുള്ളതാണ് ഫലം. ജമ്മു-കശ്മീരിൽ തെരഞ്ഞെടുക്കപ്പെട്ട ലഫ്റ്റനന്റ് ഗവർണർക്ക് അഞ്ച് എം.എൽ.എമാരെ നാമനിർദേശം ചെയ്യാനുള്ള അധികാരമുണ്ട്.
ഹരിയാനയിൽ ഒക്ടോബർ അഞ്ചിന് ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പിൽ 61 ശതമാനവും ജമ്മു-കശ്മീരിൽ സെപ്റ്റംബർ 18, 28, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടമായി നടന്ന വോട്ടെടുപ്പിൽ 63 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.