ന്യൂഡൽഹി: വോട്ടെണ്ണലിന്റെ തുടക്കത്തിൽ കരുത്തുകാണിച്ച കോൺഗ്രസിനെ രാഷ്ട്രീയ ഗോദയിൽ അവിശ്വസനീയമായി മലർത്തിയടിച്ച ബി.ജെ.പിക്ക് ഹരിയാനയിൽ ഹാട്രിക് ജയം. പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ പോരാട്ടത്തിൽ ജമ്മു-കശ്മീരിൽ നാഷനൽ കോൺഫറൻസ് (എൻ.സി)-കോൺഗ്രസ് സഖ്യത്തിന് ഗംഭീര മുന്നേറ്റം.
90 സീറ്റുകൾ വീതമുള്ള ഇരുസംസ്ഥാനങ്ങളിലും എക്സിറ്റ് പോൾ ഫലങ്ങൾ പാളിപ്പോയ ജനവിധിയിൽ ഹരിയാനയിൽ ബി.ജെ.പി സ്വന്തമാക്കിയത് 48 സീറ്റുകൾ. എന്നാൽ, സ്പീക്കർ ഗ്യാൻ ചന്ദ് ഗുപ്തയും എട്ട് മന്ത്രിമാരും പരാജയമറിഞ്ഞു.
ചൊവ്വാഴ്ച ആദ്യഫല സൂചനകളിൽ മതിമറന്ന് ആഹ്ലാദിച്ച് മധുരം വിതരണം ചെയ്ത കോൺഗ്രസിന് കിട്ടിയത് 37 സീറ്റുകളാണ്. ഇന്ത്യൻ നാഷനൽ ലോക്ദൾ (ഐ.എൻ.എൽ.ഡി) രണ്ടിടത്തും മറ്റുള്ളവർ മൂന്നിടത്തും ജയിച്ചു കയറി. സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കാനാവാതെ ആംആദ്മി പാർട്ടി പൂജ്യത്തിലൊതുങ്ങി. ഹരിയാനയിൽ വോട്ടുയന്ത്രത്തിൽ അട്ടിമറിയുണ്ടെന്നും കോൺഗ്രസിനെ തോൽപിച്ചതാണെന്നും വിധി അംഗീകരിക്കില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. ലീഡ് നേടിയ സമയം ആഹ്ലാദിച്ച കോൺഗ്രസ് തോറ്റ ശേഷം വിലപിക്കുന്നത് വിരോധാഭാസമാണെന്ന് ബി.ജെ.പി പ്രതികരിച്ചു.
ജമ്മു-കശ്മീരിൽ 49 സീറ്റുകളാണ് ഇൻഡ്യ സഖ്യത്തിനുള്ളത്. നാഷനൽ കോൺഫറൻസ് 42 സീറ്റുകളും സഖ്യകക്ഷിയായ കോൺഗ്രസ് ആറ് സീറ്റും നേടി. സഖ്യത്തിന്റെ ഭാഗമായ സി.പി.എം ഒരിടത്തും ജയിച്ചു. ജമ്മുവിൽ തിളങ്ങിയ ബി.ജെ.പിക്ക് 29 സീറ്റുണ്ട്. മുൻ ഭരണകക്ഷിയായ പി.ഡി.പി മൂന്ന് സീറ്റിലൊതുങ്ങി. ചെറുകക്ഷികളുടെ സ്വതന്ത്രർ ഏഴ് സീറ്റുമായി മുഖ്യധാരാ പാർട്ടികളെ തറപറ്റിച്ചു. ജമ്മു-കശ്മീർ പീപ്ൾസ് കോൺഫറൻസിനും ആം ആദ്മി പാർട്ടിക്കും ഒരു സീറ്റ് നേടാനാനായി. ആം ആദ്മി പാർട്ടി ആദ്യമായാണ് കശ്മീരിൽ വെന്നിക്കൊടി പാറിക്കുന്നത്.
കുൽഗാമിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി തകർപ്പൻ ജയം ആവർത്തിച്ചു. പി.ഡി.പിയുടെ പിന്തുണയും ഇൻഡ്യ സഖ്യത്തിന് ലഭിക്കുമെന്നാണ് സൂചന. നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല ജമ്മു-കശ്മീരിൽ ഭരണത്തെ നയിക്കുമെന്ന് പാർട്ടി പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല അറിയിച്ചു. 90 അംഗ നിയമസഭയിൽ ലെഫ്റ്റനൻറ് ഗവർണർ നാമനിർദേശം ചെയ്യുന്ന അഞ്ചംഗങ്ങൾ കൂടി ചേരുന്നതിനാൽ 48 ആണ് കേവല ഭൂരിപക്ഷ സംഖ്യ.
ഹരിയാനയിൽ മുഖ്യമന്ത്രി നായബ് സിങ് സെയ്നിയും ഗുസ്തി താരവും കോൺഗ്രസ് സ്ഥാനാർഥിയുമായ ഒളിമ്പ്യൻ വിനേഷ് ഫോഗട്ടും പ്രതിപക്ഷ നേതാവ് ഭൂപിന്ദർ സിങ് ഹൂഡയുമടക്കമുള്ളവർ ജയിച്ചു. ജമ്മു-കശ്മീരിൽ നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല മത്സരിച്ച രണ്ടിടത്തും ജയിച്ചു. പി.സി.സി പ്രസിഡന്റ് താരിഖ് ഹമീദ് കർറയും മുന്നേറി. പി.ഡി.പിയുടെ യുവനേതാവ് ഇൽതിജ മുഫ്തി തോറ്റു. ഹരിയാനയിൽ ബി.ജെ.പിക്കും കോൺഗ്രസിനും ഏറക്കുറെ തുല്യമായ വോട്ടുശതമാനമാണ്.
ബി.ജെ.പിക്ക് 39.94 ഉം കോൺഗ്രസിന് 39.09 ശതമാനവും. ജമ്മു-കശ്മീരിൽ നാഷനൽ കോൺഫറൻസ് 23.43, ബി.ജെ.പി 25.64, കോൺഗ്രസ് 11.97, മറ്റുള്ളവർ 24.83 ശതമാനം എന്നിങ്ങനെയാണ് വോട്ടുകൾ പകുത്തുകിട്ടിയത്. എക്സിറ്റ് പോളിൽ ഹരിയാനയിൽ കോൺഗ്രസിനായിരുന്നു വിജയം പ്രവചിച്ചത്. ജമ്മു-കശ്മീരിൽ ആർക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നായിരുന്നു വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.