ന്യൂഡൽഹി: ഹരിയാനയിൽ ബി.ജെ.പിക്കെതിരായ ഭരണവിരുദ്ധ വികാരം നേട്ടമാക്കാനാകാതെ ചെറുപാർട്ടികളും. 2019ൽ 10 സീറ്റ് നേടി നിർണായക ശക്തിയായ ദുഷ്യന്ത് ചൗതാലയുടെ ജെ.ജെ.പിക്കും സംസ്ഥാനത്തുടനീളം മത്സരിച്ച ആം ആദ്മി പാർട്ടിക്കും ഒരു സീറ്റും നേടാനായില്ല. അഭയ് സിങ് ചൗതാലയുടെ ഐ.എന്‍.എല്‍.ഡിക്ക് രണ്ടിടത്ത് മാത്രമാണ് ജയിക്കാനായത്.
കഴിഞ്ഞ തവണ കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന ബി.ജെ.പി ജെ.ജെ.പിയെ കൂട്ടുപിടിച്ചായിരുന്നു ഭരണം നിലനിർത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സഖ്യം പിരിഞ്ഞു. ലോക്സഭയിൽ ഒറ്റക്ക് മത്സരിച്ച ജെ.ജെ.പിക്ക് ലഭിച്ചത് ഒരു ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രം. നിയമസഭ തെരഞ്ഞെടുപ്പിൽ ദലിത് വോട്ടും ലക്ഷ്യമിട്ട് ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയെ ഒപ്പം നിർത്തി പോരാടിയെങ്കിലും നില മെച്ചപ്പെടുത്താനായില്ല. സിറ്റിങ് മണ്ഡലമായ ഉച്ചാന കാലനിൽ മത്സരിച്ച ജെ.ജെ.പി അധ്യക്ഷൻ ദുഷ്യന്ത് ചൗതാല ഇത്തവണ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയതും കടുത്ത തിരിച്ചടിയായി. ചൗധരി ദേവിലാൽ സ്ഥാപിച്ച ഐ.എൻ.എൽ.ഡി പിളർത്തി 2018ൽ ജെ.ജെ.പി രൂപവത്കരിച്ചാണ് ദുഷ്യന്ത് ചൗതാല രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ തവണത്തേക്കാൾ ഒരു സീറ്റ് അധികം നേടി രണ്ട് സീറ്റിൽ ജയിക്കാൻ ഐ.എൻ.എൽ.ഡിക്കായെങ്കിലും സീറ്റിങ് സീറ്റായ എല്ലാനാബാദിൽ പാർട്ടി അധ്യക്ഷൻ അഭയ് ചൗതാല തോറ്റു. ബി.എസ്.പിയെ കൂടെനിർത്തിയായിരുന്നു പാർട്ടിയുടെ മത്സരം.
ഒറ്റക്ക് മത്സരിച്ച ആം ആദ്മി പാർട്ടിക്കും (ആപ്) എവിടെയും നേട്ടമുണ്ടാക്കാനായില്ല. ഭൂരിപക്ഷം മണ്ഡലങ്ങളിലും നോട്ടയെക്കാൾ പിന്നിലാണ് പാർട്ടി സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ട്. ‘ആപ്’ നേട്ടമുണ്ടാക്കിയ ഏതാനും സീറ്റുകളിൽ കോൺഗ്രസിന് തിരിച്ചടിയാവുകയും ചെയ്തു.
ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ കുരുക്ഷേത്ര മണ്ഡലത്തിൽ മത്സരിച്ച ആപ് സ്ഥാനാർഥി നല്ല മത്സരം കാഴ്ചവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.