കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയ ശേഷം മാധ്യമങ്ങളെ കാണുന്നു

‘വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്തു’: ഹരിയാന തെരഞ്ഞെടുപ്പ് ഫലത്തിൽ പരാതിയുമായി കോൺഗ്രസ്

ന്യൂഡൽഹി: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാനായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്തെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. പരാതിയിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിമാരായ ഭൂപീന്ദർ സിങ് ഹൂഡ, അശോക് ഗെലോട്ട്, എഐസിസി നേതാക്കളായ കെ.സി. വേണുഗോപാൽ, ജയറാം രമേശ്, അജയ് മാക്കൻ, പവൻ ഖേര, ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ എന്നിവരടങ്ങുന്ന സംഘമാണ് തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലെത്തി പരാതി നൽകിയത്. വിവിധ മണ്ഡലങ്ങളിൽനിന്ന് കിട്ടിയ പരാതികൾ നേതാക്കൾ കമീഷന് കൈമാറി.

20 മണ്ഡലങ്ങളിലെ വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്തെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. ഇതിൽ ഏഴു മണ്ഡലങ്ങളിലെ ഇടപെടലിൽ വ്യക്തമായ രേഖകളുണ്ട്. ബാക്കി 13 എണ്ണത്തിന്‍റേത് വൈകാതെ സമർപ്പിക്കും. സാധാരണഗതിയിൽ വോട്ടിങ് യന്ത്രങ്ങളിൽ 99 ശതമാനം ബാറ്ററി ചാർജ് ഉണ്ടാകാറുണ്ട്. എന്നാൽ ഹരിയാനയിലെ മിക്ക മണ്ഡ‍ലങ്ങളിലെ യന്ത്രങ്ങളിലും 60 മുതൽ 70 ശതമാനം വരെ ചാർജ് മാത്രമാണുണ്ടായിരുന്നതെന്നും കോൺഗ്രസ് പരാതിയിൽ പറയുന്നു. ഇത് ക്രമക്കേട് നടന്നതിന്റെ തെളിവാണെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം.

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ പിന്നിൽനിന്ന ശേഷം അമ്പരപ്പിക്കുന്ന തിരിച്ചുവരവിലൂടെയാണ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തുടർച്ചയായ മൂന്നാം വിജയം നേടിയത്. ബിജെപി 48 സീറ്റ് നേടിയപ്പോൾ കോൺഗ്രസ് 37 സീറ്റിലൊതുങ്ങി. മൂന്നു സ്വതന്ത്രർ കൂടി ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ സീറ്റുനില 51 ആയി. ബിജെപി സീറ്റ് നൽകാത്തതിനെത്തുടർന്നു സ്വതന്ത്രയായി മത്സരിച്ച പ്രമുഖ വ്യവസായിയും ബി.ജെ.പി എം.പി നവീൻ ജിൻഡലിന്റെ അമ്മയുമായ സാവിത്രി ജിൻഡലാണ് പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതുകൂടാതെ ബഹദൂർഗഡിൽ കോൺഗ്രസ് വിമതനായി മത്സരിച്ച രാജേഷ് ജൂൻ, ഗനൗറിൽ ബി.ജെ.പി വിമതനായി മത്സരിച്ച ദേവേന്ദർ കടയാൻ എന്നിവരും പിന്തുണ പ്രഖ്യാപിച്ചു.

Tags:    
News Summary - Haryana polls: Congress alleges EVM hacking, lodges complaint to EC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.