ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ തപാൽ വോട്ടിൽ കോൺഗ്രസ് ഭൂരിഭാഗം മണ്ഡലങ്ങളിലും ബി.ജെ.പിയെക്കാൾ ബഹുദൂരം മുന്നിൽ. ആകെ പോൾ ചെയ്ത 80,105 തപാൽ ബാലറ്റുകളിൽ 41,417 എണ്ണം കോൺഗ്രസിന് ലഭിച്ചപ്പോൾ ബി.ജെ.പിക്ക് കിട്ടിയത് 27,952 വോട്ടുകളാണെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 90 സീറ്റുകളിൽ 74-ലും ബി.ജെ.പി സ്ഥാർഥികളെക്കാൾ കൂടുതൽ പോസ്റ്റൽ ബാലറ്റുകൾ കോൺഗ്രസ് സ്ഥാനാർഥികൾക്ക് നേടാനായി.
ബി.ജെ.പി ജയിച്ച 34 മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് ലഭിച്ച തപാൽ വോട്ടുകൾ 50 ശതമാനത്തിന് മുകളിലാണ്. ഈ സീറ്റുകളിൽ 35 ശതമാനത്തിൽ താഴെയാണ് ബി.ജെ.പി സ്ഥാനാർഥികൾക്ക് ലഭിച്ചത്. തപാൽ ബാലറ്റുകളും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ (ഇ.വി.എം) രേഖപ്പെടുത്തിയ വോട്ടുകളും കണക്കിലെടുത്താൽ കോൺഗ്രസിന് 39.09 ശതമാനവും ബി.ജെ.പിക്ക് 39.94 ശതമാനവുമാണ് ലഭിച്ചത്. തപാൽ വോട്ടിലെ വലിയ അന്തരം ചൂണ്ടിക്കാട്ടിയാണ് ഇ.വി.എമ്മുകളിൽ കൃത്രിമം കാണിച്ചില്ലെങ്കിൽ പാർട്ടി ജയിക്കുമായിരുന്നുവെന്ന് പ്രധാനമായും കോൺഗ്രസ് പറയുന്നത്.
എന്നാൽ, പഴയ പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനമാണ് തപാൽ വോട്ടിനെ സ്വാധീനിച്ചതെന്ന വിലയിരുത്തലുമുണ്ട്.
2023ലെ മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ 230 സീറ്റുകളിൽ 163ൽ ബി.ജെ.പി വിജയിച്ചപ്പോൾ 57 ശതമാനം തപാൽ ബാലറ്റുകളും കോൺഗ്രസ് നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.