ന്യൂഡൽഹി: ആശുപത്രിയിൽ നിന്നും കാണാതായ കോവിഡ് രോഗിയെ കണ്ടെത്താൻ കഴിയാത്തതിൽ യു.പി പൊലീസിനും സർക്കാറിനുമെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. 82കാരനായ രോഗിയെ ഒരു വർഷമായിട്ടും കണ്ടെത്താൻ കഴിയാത്തതിലാണ് വിമർശനം. പ്രയാഗ് രാജിലെ ആശുപത്രിയിൽ നിന്നുമാണ് ഇയാളെ കാണാതായത്. രോഗിയെ കണ്ടെത്തുന്നതിൽ അലഹാബാദ് ഹൈകോടതിയുടെ നിർദേശങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഇത് നിങ്ങളുടെ ഒരു സ്വഭാവമായി മാറിയിരിക്കുന്നു. ഹൈകോടതി നിർദേശങ്ങളൊന്നും നിങ്ങൾ പാലിക്കുന്നില്ല. അവസാന നിമിഷത്തിൽ കോടതിയലക്ഷ്യമുണ്ടാകുമ്പോൾ മാത്രം വീണ്ടും നിങ്ങൾ കോടതിയിലെത്തുമെന്നും കേസ് പരിഗണിക്കുന്നവേളയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു.
ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്‍ലി എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് എട്ട് പൊലീസ് ഉദ്യോഗസ്ഥരോടും ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ട് അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് താൽക്കാലികമായി സുപ്രീംകോടതി സ്റ്റേ ചെയ്തു.
റാം ലാൽ യാദവ് എന്ന വിരമിച്ച എൻജീനിയറുടെ മകൻ രാഹുൽ യാദവ് നൽകിയ ഹേബിയസ് കോർപ്പസ് ഹരജിയിലായിരുന്നു ഹൈകോടതി ഉത്തരവ്. 2021 മേയ് നാലിനാണ് റാം ലാൽ യാദവിനെ തേജ് ബഹാദുർ സാപരു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. തുടർന്ന് അദ്ദേഹത്തിന്റെ ഓക്സിജൻ നില താഴുകയും ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തു. ഇതിന് ശേഷം റാം ലാൽ യാദവിനെ കുറിച്ച് കുടുംബത്തിന് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.