ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഹാഷിംപുര കൂട്ടക്കൊല കേസിൽ 30 വർഷത്തിനുശേഷം ആദ്യമായി യു.പി സർക്കാർ കുറ്റാരോപിതരുടെ പേരുവിവരങ്ങളുള്ള ജനറൽ ഡയറി കോടതിയിൽ ഹാജരാക്കി. കേസിൽ പ്രതിസ്ഥാനത്തുള്ള 16 പേരും പ്രൊവിൻഷൽ ആംഡ് കോൺസ്റ്റബുലറി (പി.എ.സി) അംഗങ്ങളായിരുന്നു. കേസിലെ ദൃക്സാക്ഷി രൺബീർ സിങ് ബിഷ്ണോയി വഴിയാണ് ഡയറി ഹാജരാക്കിയത്. ഇയാൾ കഴിഞ്ഞ ദിവസം തീസ് ഹസാരി സെഷൻസ് കോടതിയിൽ മൊഴി നൽകി. ഇൗ 16 പേരെയും വിചാരണ കോടതി 2015ൽ കുറ്റമുക്തരാക്കിയതാണ്.
കേസിൽ ദേശീയ മനുഷ്യാവകാശ കമീഷൻ നൽകിയ ഹരജിയെ തുടർന്നാണ് പ്രോസിക്യൂഷൻ ജനറൽ ഡയറിയിലെ തെളിവുകൾ ഹാജരാക്കിയത്. 2015ൽ പ്രതികളെ കുറ്റമുക്തരാക്കുന്ന വേളയിൽ യുവാക്കളെ ഹാഷിംപുരയിൽനിന്ന് തട്ടിക്കൊണ്ടുപോയി വധിച്ചതാണെന്ന കാര്യം വ്യക്തമാണെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ, പ്രതികളാരാണെന്ന് സംശയത്തിനതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇൗ സാഹചര്യത്തിൽ പ്രൊവിൻഷൽ ആംഡ് കോൺസ്റ്റബുലറി അംഗങ്ങളായിരുന്ന കുറ്റാരോപിതരുടെ പേരുള്ള ജനറൽ ഡയറി കേസിൽ വഴിത്തിരിവാകുമെന്നാണ് റിപ്പോർട്ട്.
1987 മേയിൽ യു.പിലെ മീറത്തിലുള്ള ഹാഷിംപുരയിലെ 42 മുസ്ലിം ചെറുപ്പക്കാരെ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റബുലറിയിലെ 19 അംഗങ്ങൾ നഗരത്തിന് പുറത്തേക്ക് കൊണ്ടുപോയി െവടിവെച്ചുകൊന്നുെവന്നതാണ് കേസ്. ഇവരുടെ മൃതദേഹം അടുത്തുള്ള കനാലിൽ തള്ളുകയും ചെയ്തു. മീറത്ത് വർഗീയകലാപത്തിനിടെയാണ് സംഭവം. വർഷങ്ങൾ കഴിഞ്ഞ് 2000ത്തിൽ കേസിൽ പ്രതികളായ 16 പേർ കീഴടങ്ങുകയും ഇവർക്ക് പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു. മറ്റ് മൂന്നു പേർ ഇൗ കാലയളവിൽ മരിച്ചു. ഇൗ കേസിെൻറ വിചാരണ ഗാസിയാബാദ് ജില്ല കോടതിയിൽനിന്ന് ഡൽഹി തീസ് ഹസാരി കോംപ്ലക്സിലെ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്ന് 2002ൽ സുപ്രീംകോടതി ഉത്തരവിട്ടു. 2015ൽ കുറ്റാരോപിതരായ 16 പേരെ തെളിവിെൻറ അഭാവത്തിൽ കോടതി വെറുതെവിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.