ഹൈദരാബാദ്: തങ്ങളുടെ വിപുലമായ എണ്ണ, വാതക സ്രോതസ്സുകൾ ഇന്ത്യയുമായി പങ്കുവെക്കാൻ ഇറാൻ സന്നദ്ധം. ഇതോടൊപ്പം, ഇന്ത്യക്കാർക്കുവേണ്ടി വിസനിയമങ്ങൾ ലളിതമാക്കുമെന്നും സന്ദർശനത്തിനെത്തിയ ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി വ്യക്തമാക്കി. ത്രിദിന ഇന്ത്യ സന്ദർശനത്തിന് തുടക്കം കുറിച്ച് ഹൈദരാബാദിലെത്തിയ അദ്ദേഹം, വെള്ളിയാഴ്ച ജുമുഅ നമസ്കാരശേഷം പ്രസിദ്ധമായ മക്ക മസ്ജിദിൽ ജനങ്ങളെ അഭിസംബോധന ചെയ്യെവയാണ് കൂടുതൽ സഹകരണത്തിന് സന്നദ്ധത അറിയിച്ചത്.
‘‘ഇറാനിൽ എണ്ണയുടെയും പ്രകൃതിവാതകത്തിെൻറയും വിപുലമായ ശേഖരമുണ്ട്. ഇത് ഇന്ത്യയിലെ ജനങ്ങളുടെ പുരോഗതിക്കും അഭിവൃദ്ധിക്കും പങ്കുവെക്കാൻ തയാറാണ്. ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ അടുക്കാൻ ഇന്ത്യയും വിസനിയമങ്ങൾ ലളിതമാക്കുമെന്ന്് പ്രതീക്ഷിക്കുന്നു. ഇൗ നൂറ്റാണ്ട് ഏഷ്യയുടേതാണ്. അതുകൊണ്ടുതന്നെ ന്യൂഡൽഹിക്കും തെഹ്റാനും ഇതിൽ വലിയ പങ്ക് വഹിക്കാനുണ്ട്’’-റൂഹാനി പറഞ്ഞു.
ഇന്ത്യക്ക് ട്രാൻസിറ്റ് റൂട്ടായി ഉപയോഗിക്കാൻ തെക്കൻ ഇറാനിലെ ചബഹാർ തുറമുഖം തുറന്നുകൊടുക്കുമെന്ന് റൂഹാനി വ്യക്തമാക്കി. ഇതിലൂടെ ഇന്ത്യൻകപ്പലുകൾക്ക് എളുപ്പത്തിൽ ഇറാനിലും അഫ്ഗാനിസ്താനിലും എത്താം. പാകിസ്താൻ ഒഴിവാക്കി പോകാമെന്നതാണ് ഇതിെൻറ പ്രധാന നേട്ടം. ചബഹാറിൽ 85 ദശലക്ഷം ഡോളർ നിക്ഷേപിക്കാൻ ഇന്ത്യ ധാരണയിലെത്തിയിരുന്നു.
നേരേത്ത, ഖുതുഖ് ഷാഹി കോംപ്ലക്സ് ഹസൻ റൂഹാനി സന്ദർശിച്ചു. ഇറാൻ വാസ്തുശിൽപ മാതൃകയിലാണ് ഇവിടെ ഏഴ് കുടീരങ്ങൾ നിർമിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് ഹൈദരാബാദിലെത്തിയ റൂഹാനിയുടെ ഇന്ത്യ സന്ദർശനത്തിന് തുടക്കം ഇവിടെ നിന്നാണ്. 2013ലും അദ്ദേഹം ഹൈദരാബാദ് സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.