ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ ബി.എസ്.പി എം.പി കുൻവർ ഡാനിഷ് അലിക്കെതിരെ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗം നടത്തിയ രമേശ് ബിധുരി ബി.ജെ.പി ആസ്ഥാനത്തെത്തി പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയെ കണ്ടു. നടപടി എടുക്കാതിരിക്കാൻ 15 ദിവസത്തിനകം കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നോട്ടീസ് നൽകിയതിന്റെ മൂന്നാം ദിവസമാണ് ബിധുരി നഡ്ഡയെ കണ്ടത്.
ഈ മാസം 21ന് രാത്രിയാണ് ‘ചന്ദ്രയാൻ’ ചർച്ചയിൽ, മൂന്നുതവണ ലോക്സഭ എം.പിയായ രമേശ് ബിധുരി വിദ്വേഷ പ്രസംഗം നടത്തിയത്. ബിധുരിക്കെതിരെ സസ്പെൻഷൻ അടക്കമുള്ള കർശന നടപടികൾക്ക് ലോക്സഭ സ്പീക്കർ ഓം ബിർലക്കുമേൽ പ്രതിപക്ഷം സമ്മർദം ചെലുത്തുന്നതിനിടയിലാണ് പാർട്ടി അധ്യക്ഷനുമായുള്ള കൂടിക്കാഴ്ച.
സംഭവസമയത്ത് ലോക്സഭ നിയന്ത്രിച്ച ചെയർപേഴ്സൺ കൊടിക്കുന്നിൽ സുരേഷ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, എൻ.സി.പി വനിത എം.പിമാർ എന്നിവർ ബിധുരിക്കെതിരെ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. അതിന് തടയിടാൻ ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെ സ്പീക്കർക്ക് അയച്ച കത്തിൽ ‘താഴ്ന്നവനെ താഴ്ന്നവൻ എന്നല്ലാതെ പിന്നെന്തുപറയും’ എന്ന് മൈക്കില്ലാതെ ഡാനിഷ് അലി പ്രധാനമന്ത്രിയെ കുറിച്ച് പറഞ്ഞുവെന്ന ആരോപണം ഉന്നയിച്ചിരുന്നു.
സഭക്കകത്ത് നടന്ന വാക്കാലുള്ള ആൾക്കൂട്ട ആക്രമണത്തിന് പിന്നാലെ കായികമായി സഭക്ക് പുറത്ത് ആൾക്കൂട്ട ആക്രമണത്തിനുള്ള ആഖ്യാനം ചമക്കുകയാണ് ദുബെ ചെയ്തതെന്ന് ഡാനിഷ് അലി അതിനോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.