വിദ്വേഷ പ്രസംഗം: കേസുകൾ പരിശോധിക്കാൻ കമ്മിറ്റി രൂപീകരിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സമുദായങ്ങൾക്കിടയിൽ സൗഹാർദവും ഐക്യവും ഉണ്ടാകണമെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, വിദ്വേഷ പ്രസംഗങ്ങളുടെ കേസുകൾ പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

അടുത്തിടെ നടന്ന വർഗീയ സംഘട്ടനങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ട ഹരിയാന ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ റാലികളിൽ ഒരു പ്രത്യേക സമുദായത്തിലെ അംഗങ്ങളെ കൊല്ലാനും സാമൂഹികവും സാമ്പത്തികവുമായ ബഹിഷ്‌കരണത്തിനും ആഹ്വാനം ചെയ്യുന്ന ‘നഗ്നമായ വിദ്വേഷ പ്രസംഗങ്ങൾ’ സംബന്ധിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. സമിതിയെ കുറിച്ച് ഓഗസ്റ്റ് 18നകം അറിയിക്കാൻ കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജിനോട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

‘സമുദായങ്ങൾക്കിടയിൽ യോജിപ്പും സൗഹാർദ്ദവും ഉണ്ടാകണം. എല്ലാ സമുദായങ്ങൾക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്. വിദ്വേഷ പ്രസംഗം നല്ലതല്ല. ആർക്കും അത് അംഗീകരിക്കാൻ കഴിയില്ല’- ബെഞ്ച് നിരീക്ഷിച്ചു. 2022 ഒക്‌ടോബർ 21ലെ വിധിയുടെ അടിസ്ഥാനത്തിൽ നിയോഗിക്കപ്പെട്ട നോഡൽ ഓഫീസർമാർക്ക് വീഡിയോ ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും ക്രോഡീകരിച്ച് സമർപ്പിക്കാനും ഹരജിക്കാരനായ മാധ്യമപ്രവർത്തകൻ ഷഹീൻ അബ്ദുള്ളയോട് സുപ്രീം കോടതി നിർദ്ദേശിച്ചു.

Tags:    
News Summary - "Hate Speech Unacceptable, Need To Stop It": Supreme Court To Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.