ബംഗളൂരു: വിദ്വേഷ വിഡിയോയിൽ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുത്ത് കർണാടക പൊലീസ്. പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദക്കും ഐ.ടി സെൽ തലവൻ അമിത് മാളവ്യക്കുമെതിരെയാണ് കേസ്. ഐ.ടി ആക്ട് പ്രകാരമാണ് ഇരുവർക്കുമെതിരായ നടപടി. എക്സിൽ മുസ്‍ലിംകളെ മോശക്കാരായി ചിത്രീകരിച്ചുള്ള വിഡിയോ ബി.ജെ.പി പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യത്തിലാണ് നടപടി.
ബംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ട് ഇരുവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. മെയ് അഞ്ചാം തീയതി കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കർണാടക പൊലീസിന്റെ നടപടി. വെറുപ്പും വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയും ഉണ്ടാക്കാൻ ഇരുവരും ശ്രമിച്ചുവെന്നാണ് കർണാടക പൊലീസിന്റെ കേസ്.
നേരത്തെ കർണാടക ബി.ജെ.പിയുടെ അക്കൗണ്ടിൽ വന്ന വിദ്വേഷ വിഡിയോ നീക്കാൻ എക്സിന് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകിയിരുന്നു. സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ ബി.ജെ.പി പങ്കുവെച്ച അനിമേറ്റഡ് വിഡിയോയാണ് വിവാദങ്ങൾക്ക് കാരണം. അനിമേറ്റഡ് വിഡിയോയുടെ തുടക്കത്തിൽ കിളിക്കൂടിനുള്ളിലെ മൂന്ന് മുട്ടകളാണ് കാണിച്ചിരിക്കുന്നത്. ഇതിൽ ഓരോന്നിലും എസ്.സി, എസ്.ടി, ഒ.ബി.സി എന്ന് എഴുതിയിട്ടുണ്ട്.
ഈ കൂട്ടിലേക്ക് മുസ്‍ലിം എന്നെഴുതിയ മുട്ട രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും ചേർന്ന് കൊണ്ടുവെക്കുന്നു. പിന്നീട് മുട്ടവിരിഞ്ഞ് കിളികൾ പുറത്ത് വരുമ്പോൾ മുസ്‍ലിം എന്നെഴുതിയ മുട്ടയിൽ നിന്നെത്തിയ കിളിക്ക് മാത്രം രാഹുൽ ഗാന്ധി ഫണ്ടുകൾ നൽകുന്നതാണ് വിഡിയോയിൽ കാണിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.