സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് നേതാവ് അതീഖുർറഹ്മാന്‍റെ ആരോഗ്യനില വഷളായി, ആശുപത്രിയിലേക്ക് മാറ്റി

ലഖ്നോ: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പം ഹാഥ്റാസിലേക്കുള്ള വഴിമധ്യേ അറസ്റ്റിലായി യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന കാമ്പസ് ഫ്രണ്ട് നേതാവ് അതീഖുർറഹ്മാന്‍റെ ആരോഗ്യനില വഷളായി. വലതു കൈയും വലതു കാലും ശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പറയുന്നു. ഇതേത്തുടർന്ന് അതീഖുർറഹ്മാനെ ലഖ്നോവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹൃദയസംബന്ധമായി ഗുരുതരമായ അസുഖമുള്ളയാളാണ് 28കാരനായ അതീഖുർറഹ്മാൻ. യു.പിയിലെ മുസഫർനഗർ സ്വദേശിയായ ഇദ്ദേഹം 2007 മുതൽ ഇതിനുള്ള ചികിത്സ തേടുന്നുണ്ട്.

ജയിലിൽ കൃത്യമായ ചികിത്സ കിട്ടാതെയാണ് അതീഖുർറഹ്മാന്‍റെ ആരോഗ്യനില ഗുരുതരമായതെന്ന് അദ്ദേഹത്തിന്‍റെ സഹോദരൻ മതീൻ പറഞ്ഞു. അതീഖുർറഹ്മാനെ എത്രയും വേഗം എയിംസിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകണം. 2007 മുതൽ എയിംസിലാണ് ചികിത്സ തേടുന്നതെന്നും സഹോദരൻ പറഞ്ഞു. 2021 നവംബറിൽ അതീഖുർറഹ്മാനെ എയിംസിൽ പ്രവേശിപ്പിച്ച് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ വീണ്ടും എയിംസിലെത്താനാണ് ഡോക്ടർമാർ നിർദേശിച്ചത്. എന്നാൽ, സമയം കഴിഞ്ഞിട്ടും ജയിൽ അധികൃതർ തയാറാകുന്നില്ലെന്ന് അഭിഭാഷകനായ സൈഫാൻ ശൈഖ് പറയുന്നു. ചികിത്സക്ക് വിടണമെന്നാവശ്യപ്പെട്ട് അതീഖുർറഹ്മാൻ ജയിൽ അധികൃതർക്ക് നിരന്തരം കത്ത് നൽകിയിരുന്നു. എന്നാൽ, ജയിൽ സൂപ്രണ്ട് ഇത് അംഗീകരിക്കുന്നില്ല. ജയിൽ ഡോക്ടറെ കാണിക്കുയാണ് ചെയ്തത്. പിന്നീട് ലഖ്നോവിലെ കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലും. എയിംസിൽ തന്നെ അതീഖുർറഹ്മാനെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹരജി നൽകാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

മീററ്റിലെ ചൗധരി ചരൺ സിങ് സർവകലാശാലയിൽ ലൈബ്രറി സയൻസ് ഗവേഷക വിദ്യാർഥിയാണ് അതീഖുർറഹ്മാൻ. ഹാഥ്റാസിലേക്കുള്ള വഴിമധ്യേ സിദ്ദീഖ് കാപ്പൻ, അതീഖുർറഹ്മാൻ, ജാമിഅ മില്ലിയ്യയിലെ വിദ്യാർഥി മസൂദ് അഹ്മദ്, വാഹന ​ഡ്രൈവർ മുഹമ്മദ് ആലം എന്നിവരെയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയത്. മുഹമ്മദ് ആലമിന് രണ്ടാഴ്ച മുമ്പ് അലഹബാദ് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. 

Tags:    
News Summary - Hathras Case: Student Leader Atikur Rahman’s Health Deteriorates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.