പുനർ വിവാഹിതക്ക് മകന്റെ പരിപാലന ചുമതല നൽകാതെ കോടതി; രണ്ടാം ഭർത്താവ് കുട്ടിയെ പരിഗണിക്കില്ലെന്ന വാദം ശരിവച്ചു

പുനർവിവാഹിതയായ യുവതിക്ക് മകന്റെ പരിപാലന ചുമതല നിഷേധിച്ച് കോടതി. രണ്ടാം ഭർത്താവ് കുട്ടിയെ പരിഗണിക്കില്ലെന്ന വാദം ശരിവച്ചാണ് കോടതി യുവതിക്ക് കസ്റ്റഡി നിഷേധിച്ചത്. രണ്ടാം വിവാഹത്തിൽ യുവതിക്ക് മറ്റൊരു കുട്ടികൂടിയുണ്ട് എന്നത് ​ഗൗരവമായി കാണുന്നതായി കോടതി അഭിപ്രായപ്പെട്ടു. മുൻ വിവാഹത്തിലെ കുഞ്ഞിനേക്കാൾ പുതിയ ഭർത്താവ് സ്വന്തം കുട്ടിക്ക് മുൻഗണന നൽകാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഗുജറാത്ത് ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

'അമ്മയ്ക്ക് കസ്റ്റഡി അനുവദിച്ചാൽ, അവരുടെ രണ്ടാം ഭർത്താവ് നേരത്തെയുള്ള വിവാഹത്തിലെ കുട്ടിയേക്കാൾ സ്വന്തം കുട്ടിക്ക് മുൻഗണന നൽകാം. കുട്ടിയുടെ പരമപ്രധാനമായ താൽപ്പര്യം കണക്കിലെടുത്ത്, പിതാവിനൊപ്പം തുടരുന്നതാണ് നല്ലത്'-സ്ത്രീയുടെ ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് ഉമേഷ് ത്രിവേദി വിധിച്ചു. ആദ്യ വിവാഹത്തിൽ ജനിച്ച മകനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

2019ലാണ് യുവതിയും ഭർത്താവും വിവാഹമോചിതരായത്. വിവാഹ മോചന ഉടമ്പടി അതനുസരിച്ച് ആൺകുട്ടി പിതാവിനൊപ്പം താമസിക്കുകയായിരുന്നു. പിന്നീട് യുവതി വീണ്ടും വിവാഹം കഴിക്കുകയും അവർ മറ്റൊരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പിന്നീടാണ് കുട്ടിയുടെ പ്രായം പരിഗണിച്ചും കുട്ടിയുടെ താൽപര്യം കണക്കിലെടുത്തും അമ്മയായ തനിക്ക് സംരക്ഷണാവകാശം നൽകണമെന്ന് യുവതി ആവശ്യപ്പെട്ടത്.

കസ്റ്റഡി പിതാവിന് അനുവദിച്ചുള്ള വിവാഹമോചന കരാറിലെ പരാമർശം സമ്മർദത്തിന് വഴങ്ങി നൽകിയതാണെന്ന് അവർ കോടതിയിൽ പറഞ്ഞു. ആ സമയത്ത് കുട്ടിയുടെ പ്രായം നാല് വയസ്സ് ആയിരുന്നെന്നും സ്വാഭാവിക രക്ഷാധികാരിയായ അമ്മക്ക് സംരക്ഷണം നിഷേധിക്കാനാവില്ലെന്നും അവർ കോടതിയിൽ ചൂണ്ടിക്കാട്ടി. കുടുംബകോടതി നേരത്തെ നോക്കിയിരുന്നത് പിതാവിന്റെ സാമ്പത്തിക സ്ഥിതി മാത്രമാണെന്നും കുട്ടിയുടെ ക്ഷേമമല്ലെന്നും അവർ പറഞ്ഞു.

മറുവശത്ത്, വിവാഹമോചനം നേടുമ്പോൾ കുട്ടിയുടെ സംരക്ഷണം സ്വമേധയാ കൈമാറിയതായും അവർക്ക് അനുയോജ്യമായ തുക ജീവനാംശം നൽകിയതായും ഭർത്താവ് വാദിച്ചു. ഗാർഹിക പീഡന നിയമപ്രകാരം കുട്ടിയെ കസ്റ്റഡിയിലെടുക്കാൻ യുവതി ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. കേസിന്റെ വസ്തുതകൾ പരിശോധിച്ചതിന് ശേഷം കുടുംബ കോടതി പോലും കസ്റ്റഡി നിഷേധിച്ചതായി മുൻ ഭർത്താവ് പറഞ്ഞു. ഒരു ഘട്ടത്തിൽ അവർക്ക് കുട്ടിയുടെ ഇടക്കാല കസ്റ്റഡി ലഭിച്ചിരുന്നുവെന്നും എന്നാൽ കുട്ടി ഭയപ്പെട്ടിരുന്നുവെന്നും ആ ചെറിയ കാലയളവ് പോലും അമ്മയുമായി പൊരുത്തപ്പെടാനായില്ല എന്നും പിതാവ് കോടതിയിൽ പറഞ്ഞു. അന്തിമ വിധിയിൽ ഈ വാദങ്ങളാണ് കോടതി ശരിവച്ചത്.

Tags:    
News Summary - HC denies child’s custody to mother who remarried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.