കുറ്റപത്രം റദ്ദാക്കണമെന്ന ബ്രിജ് ഭൂഷണിന്റെ ഹരജി തള്ളി

ന്യൂഡൽഹി: ദേശീയ വനിത ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും കുറ്റപത്രവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ഗുസ്‌തി ഫെഡറേഷന്‍ മുൻ അധ്യക്ഷനും ബി.ജെ.പി മുൻ എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് നൽകിയ ഹരജി ഡൽഹി ഹൈകോടതി തള്ളി. ക്രിമിനൽ നടപടികളെ ചോദ്യം ചെയ്യുന്ന ഹരജി വിചാരണ ആരംഭിക്കുന്നതിനുമുമ്പ് നല്‍കണമായിരുന്നുവെന്ന് വ്യക്തമാക്കിയ കോടതി കുറ്റം ചുമത്തി, വിചാരണ ആരംഭിച്ച ശേഷം പ്രതി നൽകിയ ഹരജി വളഞ്ഞ വഴി മാത്രമാണെന്ന് ചൂണ്ടിക്കാട്ടി.

ഹരജിയിൽ ഉന്നയിക്കുന്ന എല്ലാ വാദങ്ങളും ഉൾക്കൊള്ളുന്ന കുറിപ്പ് ഫയൽ ചെയ്യാൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‍റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. കേസ് സെപ്‌റ്റംബർ 26ന് വീണ്ടും പരിഗണിക്കും. ലൈംഗികാതിക്രമം നേരിട്ടെന്ന് ആറ് വനിത ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണിനെതിരെ പരാതി നല്‍കിയിട്ടുള്ളത്. ഇതിനിടെ, ലൈംഗികാതിക്രമ പരാതി നൽകിയ ഗുസ്‌തി താരങ്ങൾക്കുണ്ടായിരുന്ന പൊലീസ്‌ സംരക്ഷണം ഡൽഹി കോടതി ഇടപെടലിനെ തുടർന്ന്‌ കഴിഞ്ഞ ദിവസം പുനഃസ്ഥാപിക്കുകയുണ്ടായി.

ഡൽഹി പൊലീസ്‌ ഏകപക്ഷീയമായി സുരക്ഷ പിൻവലിച്ചതായി വിനീഷ്‌ ഫോഗട്ടും സാക്ഷിമലിക്കും ഉൾപ്പെടെയുള്ള ഗുസ്‌തിതാരങ്ങൾ പരാതിപ്പെട്ടതിനെ തുടർന്നാണ്‌ റൗസ്‌ അവന്യു കോടതിയുടെ ഇടപെടൽ. ഒളിമ്പിക്സ് മെഡൽ ജേതാക്കൾ ഉൾപ്പെടെ ദേശീയ താരങ്ങൾ മാസങ്ങളോളം തെരുവിൽ പ്രതിഷേധിച്ചതോടെയാണ് ബ്രിജ് ഭൂഷണിനെതിരെ കേസ്‍ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസ് തയാറായത്.

Tags:    
News Summary - HC refuses to quash FIRs against ex-WFI chief Brij Bhushan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.