ന്യൂഡൽഹി: കശ്മീർ ജനതയുടെ മുറിവുണക്കാൻ 1980കൾ തൊട്ട് താഴ്വരയിൽ ഭരണകൂടവും മറ്റുള്ളവരും നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങൾ നിഷ്പക്ഷമായി അന്വേഷിക്കാൻ കമീഷനെ നിയോഗിക്കണമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ തന്റെ വിധിപ്രസ്താവത്തിൽ നിർദേശിച്ചു. രാജ്യത്തിന്റെ ശത്രുക്കളുമായി യുദ്ധം ചെയ്യാനുള്ള സൈന്യം സംസ്ഥാനം നിയന്ത്രിക്കാനുള്ളതല്ലെന്നും ചീഫ് ജസ്റ്റിസ് അടക്കം അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാരിൽനിന്നും വേറിട്ട് എഴുതിയ വിധിപ്രസ്താവത്തിൽ ജസ്റ്റിസ് കൗൾ ഓർമിപ്പിച്ചു. 370ാം അനുഛേദം റദ്ദാക്കി ചീഫ് ജസ്റ്റിസ് എഴുതിയ ഭൂരിപക്ഷ വിധി പൂർണമായും അംഗീകരിച്ചാണ് താഴ്വരയിലെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചുള്ള കശ്മീരി പണ്ഡിറ്റ് കൂടിയായ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ വിധി.
കശ്മീർ താഴ്വര ചരിത്രഭാരം പേറുകയാണ്. 1947ലെ അധിനിവേശത്തെ തുടർന്ന് ദശകങ്ങളായി തുടരുന്ന സംഘർഷത്തിന്റെ ഇരകളെന്ന നിലക്കാണ് അവർ ഈ ഭാരം പേറുന്നത്. 1980കളിലാണ് സായുധപ്രവർത്തനം വീണ്ടുമുണ്ടാകുന്നത്.
1989-90ലെ കൂട്ട പലായനത്തിന് അത് കാരണമായി. കശ്മീരിൽനിന്ന് കുടിയേറ്റം സ്വയം സന്നദ്ധമായിട്ടായിരുന്നില്ല. ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും അപകടത്തിലായതു കൊണ്ടായിരുന്നു.
താഴ്വരയിൽ സൈന്യത്തിന്റെ പ്രവേശനം അതിന്റേതായ യാഥാർഥ്യങ്ങൾ സൃഷ്ടിച്ചു. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാനും വൈദേശിക കടന്നാക്രമണങ്ങൾ ചെറുക്കാനുമുള്ള സൈന്യത്തിന്റെ പരിശ്രമങ്ങൾക്ക് കശ്മീരിലെ പുരുഷന്മാരും സ്ത്രീകളും കുട്ടികളും കനത്ത വിലയൊടുക്കിയെന്നും ജസ്റ്റിസ് കൗൾ വിധിയിൽ വ്യക്തമാക്കി.
കശ്മീർ താഴ്വരക്ക് മുന്നോട്ടുപോകണമെങ്കിൽ കശ്മീർ ജനതയുടെ മുറിവുണക്കണമെന്നും ജസ്റ്റിസ് കൗൾ ചൂണ്ടിക്കാട്ടി. സഹവർതിത്വത്തിന്റെയും സഹിഷ്ണുതയുടെയും പരസ്പര ബഹുമാനത്തിന്റെയും അധിഷ്ഠിതമായ കശ്മീരിന്റെ സാമൂഹിക ഘടന ചരിത്രത്തിൽ എങ്ങനെയായിരുന്നോ അതിലേക്ക് സംസ്ഥാനത്തെ തിരിച്ചുകൊണ്ടുപോകണം.
1947ലെ ഇന്ത്യ-പാക് വിഭജന കാലത്തുപോലും ജമ്മു-കശ്മീരിന്റെ മതസാമൂഹിക സൗഹാർദം തകർന്നിട്ടില്ല. അതുകൊണ്ടാണ് കശ്മീർ മാനവികതയുടെ പ്രതീക്ഷാകിരണമാണെന്ന് ഗാന്ധിജി പറഞ്ഞത്. കശ്മീരിലെ യാഥാർഥ്യങ്ങൾ അറിയാനും ജനതയെ രഞ്ജിപ്പിലെത്തിക്കാനും 1980കൾ തൊട്ടുണ്ടായ മനുഷ്യാവകാശ ധ്വംസനങ്ങൾ അന്വേഷിച്ച് സത്യം കണ്ടെത്തണമെന്ന് ജസ്റ്റിസ് കൗൾ ആവശ്യപ്പെട്ടു.
ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കിയതുമൂലം ഫെഡറൽ സംവിധാനം തകരരുതെന്നും രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലുള്ള ജനങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും കശ്മീരികളും അനുഭവിക്കണമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന 121 പേജുള്ള തന്റെ വേറിട്ട വിധിയിൽ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസും ജസ്റ്റിസ് കിഷൻ കൗളും എഴുതിയ വിധികളോട് ജസ്റ്റിസ് ഖന്ന ഒരുപോലെ യോജിച്ചു. അതേസമയം, കമീഷനെ വെക്കണമെന്ന ജസ്റ്റിസ് കൗളിന്റെ നിർദേശത്തോട് മൗനം പാലിച്ചു.
ന്യൂഡൽഹി: 370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനവും ഇത് ശരിവെച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട നിയമ പോരാട്ടത്തിന്റെയും നാൾവഴികൾ:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.