‘കശ്മീർ ജനതയുടെ മുറിവുണക്കണം; അന്വേഷണ കമീഷനെ നിയോഗിക്കണം’; ജസ്റ്റിസ് എസ്.കെ കൗളിന്റെ വേറിട്ട ന്യൂനപക്ഷ വിധി
text_fieldsന്യൂഡൽഹി: കശ്മീർ ജനതയുടെ മുറിവുണക്കാൻ 1980കൾ തൊട്ട് താഴ്വരയിൽ ഭരണകൂടവും മറ്റുള്ളവരും നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങൾ നിഷ്പക്ഷമായി അന്വേഷിക്കാൻ കമീഷനെ നിയോഗിക്കണമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ തന്റെ വിധിപ്രസ്താവത്തിൽ നിർദേശിച്ചു. രാജ്യത്തിന്റെ ശത്രുക്കളുമായി യുദ്ധം ചെയ്യാനുള്ള സൈന്യം സംസ്ഥാനം നിയന്ത്രിക്കാനുള്ളതല്ലെന്നും ചീഫ് ജസ്റ്റിസ് അടക്കം അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാരിൽനിന്നും വേറിട്ട് എഴുതിയ വിധിപ്രസ്താവത്തിൽ ജസ്റ്റിസ് കൗൾ ഓർമിപ്പിച്ചു. 370ാം അനുഛേദം റദ്ദാക്കി ചീഫ് ജസ്റ്റിസ് എഴുതിയ ഭൂരിപക്ഷ വിധി പൂർണമായും അംഗീകരിച്ചാണ് താഴ്വരയിലെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചുള്ള കശ്മീരി പണ്ഡിറ്റ് കൂടിയായ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ വിധി.
കശ്മീർ താഴ്വര ചരിത്രഭാരം പേറുകയാണ്. 1947ലെ അധിനിവേശത്തെ തുടർന്ന് ദശകങ്ങളായി തുടരുന്ന സംഘർഷത്തിന്റെ ഇരകളെന്ന നിലക്കാണ് അവർ ഈ ഭാരം പേറുന്നത്. 1980കളിലാണ് സായുധപ്രവർത്തനം വീണ്ടുമുണ്ടാകുന്നത്.
1989-90ലെ കൂട്ട പലായനത്തിന് അത് കാരണമായി. കശ്മീരിൽനിന്ന് കുടിയേറ്റം സ്വയം സന്നദ്ധമായിട്ടായിരുന്നില്ല. ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും അപകടത്തിലായതു കൊണ്ടായിരുന്നു.
താഴ്വരയിൽ സൈന്യത്തിന്റെ പ്രവേശനം അതിന്റേതായ യാഥാർഥ്യങ്ങൾ സൃഷ്ടിച്ചു. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാനും വൈദേശിക കടന്നാക്രമണങ്ങൾ ചെറുക്കാനുമുള്ള സൈന്യത്തിന്റെ പരിശ്രമങ്ങൾക്ക് കശ്മീരിലെ പുരുഷന്മാരും സ്ത്രീകളും കുട്ടികളും കനത്ത വിലയൊടുക്കിയെന്നും ജസ്റ്റിസ് കൗൾ വിധിയിൽ വ്യക്തമാക്കി.
കശ്മീർ താഴ്വരക്ക് മുന്നോട്ടുപോകണമെങ്കിൽ കശ്മീർ ജനതയുടെ മുറിവുണക്കണമെന്നും ജസ്റ്റിസ് കൗൾ ചൂണ്ടിക്കാട്ടി. സഹവർതിത്വത്തിന്റെയും സഹിഷ്ണുതയുടെയും പരസ്പര ബഹുമാനത്തിന്റെയും അധിഷ്ഠിതമായ കശ്മീരിന്റെ സാമൂഹിക ഘടന ചരിത്രത്തിൽ എങ്ങനെയായിരുന്നോ അതിലേക്ക് സംസ്ഥാനത്തെ തിരിച്ചുകൊണ്ടുപോകണം.
1947ലെ ഇന്ത്യ-പാക് വിഭജന കാലത്തുപോലും ജമ്മു-കശ്മീരിന്റെ മതസാമൂഹിക സൗഹാർദം തകർന്നിട്ടില്ല. അതുകൊണ്ടാണ് കശ്മീർ മാനവികതയുടെ പ്രതീക്ഷാകിരണമാണെന്ന് ഗാന്ധിജി പറഞ്ഞത്. കശ്മീരിലെ യാഥാർഥ്യങ്ങൾ അറിയാനും ജനതയെ രഞ്ജിപ്പിലെത്തിക്കാനും 1980കൾ തൊട്ടുണ്ടായ മനുഷ്യാവകാശ ധ്വംസനങ്ങൾ അന്വേഷിച്ച് സത്യം കണ്ടെത്തണമെന്ന് ജസ്റ്റിസ് കൗൾ ആവശ്യപ്പെട്ടു.
ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കിയതുമൂലം ഫെഡറൽ സംവിധാനം തകരരുതെന്നും രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലുള്ള ജനങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും കശ്മീരികളും അനുഭവിക്കണമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന 121 പേജുള്ള തന്റെ വേറിട്ട വിധിയിൽ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസും ജസ്റ്റിസ് കിഷൻ കൗളും എഴുതിയ വിധികളോട് ജസ്റ്റിസ് ഖന്ന ഒരുപോലെ യോജിച്ചു. അതേസമയം, കമീഷനെ വെക്കണമെന്ന ജസ്റ്റിസ് കൗളിന്റെ നിർദേശത്തോട് മൗനം പാലിച്ചു.
വിധിയുടെ നാൾവഴി
ന്യൂഡൽഹി: 370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനവും ഇത് ശരിവെച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട നിയമ പോരാട്ടത്തിന്റെയും നാൾവഴികൾ:
- •2018 ഡിസംബർ 20: ഭരണഘടനയുടെ 356ാം വകുപ്പു പ്രയോഗിച്ച് ജമ്മു-കശ്മീർ സംസ്ഥാനത്ത് രാഷ്ട്രപതി ഏർപ്പെടുത്തി. 2019 ജൂലൈ മൂന്നിന് ഇത് വീണ്ടും ദീർഘിപ്പിച്ചു.
- •2019 ആഗസ്റ്റ് 5: ജമ്മു-കശ്മീരിന് നൽകപ്പെട്ടിരുന്ന പ്രത്യേക പദവിക്ക് ആധാരമായ 370ാം വകുപ്പ് കേന്ദ്ര സർക്കാർ റദ്ദാക്കി.
- •ആഗസ്റ്റ് 6: 370ാം വകുപ്പ് റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവിനെതിരെ അഭിഭാഷകനായ എം.എൽ. ശർമയുടെ ഹരജി. ഈ ഹരജിയിലേക്ക് ജമ്മു-കശ്മീരിൽ നിന്നുള്ള അഡ്വ. ശാക്കിർ ശബീറും കക്ഷി ചേർന്നു.
- •ആഗസ്റ്റ് 10: ജമ്മു-കശ്മീരിലെ ജനങ്ങളുടെ അനുമതിയില്ലാതെയാണ് സംസ്ഥാന പദവി എടുത്തുകളഞ്ഞതെന്ന് ചൂണ്ടിക്കാട്ടി നാഷനൽ കോൺഫറൻസ് ഹരജി സമർപ്പിച്ചു.
- •ആഗസ്റ്റ് 24: വാർത്തവിനിമയ സംവിധാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കേന്ദ്രത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീംകോടതിയിൽ.
- •ആഗസ്റ്റ് 28: മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ കശ്മീർ ടൈംസ് എഡിറ്റർ നൽകിയ ഹരജിയിൽ കേന്ദ്ര സർക്കാറിനും ജമ്മു-കശ്മീർ ഭരണകൂടത്തിനും സുപ്രീംകോടതി നോട്ടീസയച്ചു.
- •ആഗസ്റ്റ് 28: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് 370ാം വകുപ്പുമായി ബന്ധപ്പെട്ട കേസ് അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ടു.
- •സെപ്റ്റംബർ 19: കേസ് കേൾക്കാൻ അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപവത്കരിച്ചു.
- •2020 മാർച്ച് 2: കേസ് ഏഴംഗ വിപുല ഭരണഘടന ബെഞ്ചിലേക്ക് മാറ്റാൻ സുപ്രീംകോടതി വിസമ്മതിച്ചു.
- •ഏപ്രിൽ 25: ജമ്മു-കശ്മീരിൽ മണ്ഡല പുനർനിർണയ പ്രക്രിയ ആരംഭിച്ചതിനാൽ അടിയന്തരമായി പരിഗണിക്കണമെന്ന ഹരജി സുപ്രീംകോടതി അംഗീകരിച്ചു.
- •2023 ആഗസ്റ്റ് 2: കേസിൽ സുപ്രീംകോടതി ദൈനംദിന വാദംകേൾക്കൽ ആരംഭിച്ചു.
- •2023 സെപ്റ്റംബർ 5: 16 ദിവസത്തെ വാദം കേൾക്കലിനുശേഷം 23 ഹരജികളിലുള്ള വിധിക്കായി കോടതി കേസ് മാറ്റി.
- •2023 ഡിസംബർ 11: 370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി സുപ്രീംകോടതി ശരിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.