ചെന്നൈ: സംസ്ഥാനത്ത് 'ഷവർമ'യുടെ നിർമാണവും വിൽപനയും നിരോധിക്കുന്നത് സർക്കാറിന്‍റെ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി എം.സുബ്രമണ്യം. ഞായറാഴ്ച സംസ്ഥാനമൊട്ടുക്കും സംഘടിപ്പിച്ച കോവിഡ് മെഗാ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകളുടെ ഔദ്യോഗികതല ഉദ്ഘാടനം സേലത്ത് നിർവഹിച്ചതിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
കേരളത്തിൽ ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ചു. പാശ്ചാത്യരാജ്യങ്ങളിലെ ഭക്ഷണമാണിത്. അവിടങ്ങളിൽ കാലാവസ്ഥയുടെ പ്രത്യേകത കാരണം കേടുവരാറില്ല. അതേസമയം നമ്മുടെ രാജ്യത്ത് കൂടുതൽ സമയം കേടുകൂടാതെ സൂക്ഷിക്കാനാവുന്നില്ല.
ഷവർമ കൂടുതലായും യുവജനങ്ങളാണ് ഭക്ഷിക്കുന്നത്. കുറഞ്ഞ കാലയളവിനിടെ നിരവധി ഷവർമ വിൽപന കേന്ദ്രങ്ങളാണ് തുറന്നു പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിൽ രണ്ട് ദിവസത്തിനിടെ ആയിരത്തിലധികം ഷവർമ കടകളിൽ റെയ്ഡ് നടത്തുകയും കുറ്റക്കാർക്ക് പിഴ ചുമത്തുകയും ചെയ്തു.
തദ്ദേശീയമായ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. മിക്ക കടകളിലും കേടുവന്ന കോഴിയിറച്ചി കണ്ടെത്തിയ നിലയിൽ സംസ്ഥാനത്ത് ഷവർമക്ക് നിരോധനമേർപ്പെടുത്താനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.