ന്യൂഡൽഹി: ഗർഭിണികളും കോവിഡ് വാക്സിനേഷന് അർഹരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗർഭകാലത്ത് എപ്പോൾ വേണമെങ്കിലും കുത്തിവെപ്പെടുക്കാമെന്നാണ് നിർദേശം. ഗർഭകാലത്ത് കോവിഡ് ബാധിച്ചാലുള്ള ബുദ്ധിമുട്ടുകൾ, വാക്സിനേഷെൻറ ഗുണങ്ങൾ, വാക്സിനേഷെൻറ പാർശ്വഫലങ്ങൾ എന്നിവയെ കുറിച്ച് വിശദീകരിക്കുന്ന മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
വാക്സിനേഷെൻറ ഗുണങ്ങൾ മറ്റ് ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുമെന്നാണ് വിദഗ്ധ ഉപദേശമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ സുപ്രധാന നീക്കത്തിന് പിന്നിലുള്ള പ്രധാനപ്പെട്ട നാല് കാരണങ്ങൾ ഇതാണ്.
മറ്റുള്ളവരെ പോലെ തന്നെ കോവിഡ് വാക്സിൻ ഗർഭിണികൾക്കും സുരക്ഷയും സംരക്ഷണവും നൽകുമെന്നാണ് ആരോഗ്യ മന്ത്രാലയം അടിവരയിട്ട് പറയുന്നത്. നിലവിലെ സാഹചര്യത്തിൽ കോവിഡ് വാക്സിനുകൾ ഗർഭിണിക്കോ ഗർഭസ്ഥ ശിശുവിനോ അപകടമുണ്ടാക്കാൻ സാധ്യതയില്ലെന്ന് വിദഗ്ധർ വിശ്വസിക്കുന്നുവെന്നാണ് മാർഗനിർദേശത്തിൽ പറയുന്നത്.
ചെറിയ രീതിയിലുള്ള പനി, കുത്തിവെപ്പെടുത്ത സ്ഥലത്ത് വേദന, ഒന്ന് രണ്ട് ദിവസത്തെ വല്ലായ്മ എന്നിങ്ങനെ വാക്സിനെടുത്താൽ സാധാരണയായി കണ്ടുവരുന്ന പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വാക്സിനേഷൻ കഴിഞ്ഞ് 20 ദിവസത്തിനുള്ളിൽ അപൂർവമായ പ്രതികൂല പ്രതികരണത്തിനുള്ള സാധ്യതയുണ്ടെന്ന് (1-5 ലക്ഷത്തിൽ ഒന്ന്) അവർ മുന്നറിയിപ്പ് നൽകുന്നു. ഇതിന് അടിയന്തിര ശ്രദ്ധ ആവശ്യമാണ്.
അടിയന്തിര ശ്രദ്ധ ആവശ്യമായ രോഗലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ആരോഗ്യമന്ത്രാലയം പട്ടികയാക്കി തിരിച്ചിട്ടുണ്ട്.
ഗർഭിണികൾക്കുള്ള ദോഷഫലങ്ങൾ സാധാരണ ജനങ്ങൾക്ക് സമാനമാണ്
കോവിഡ് ബാധിച്ച് 12 ആഴ്ചകൾക്ക് ശേഷമോ രോഗമുക്തി നേടിയ ശേഷം നാല് മുതൽ എട്ട് ആഴ്ചകൾക്ക് ശേഷമോ മാത്രമേ വാക്സിൻ സ്വീകരിക്കാൻ പാടുള്ളൂവെന്നാണ് നിർദേശം.
മോണോക്ലോണൽ ആൻറിബോഡിയോ കോൺവാലസെൻറ് പ്ലാസ്മ എന്നീ ചികിത്സകൾക്ക് വിധേയമായവരോ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരോ താൽക്കാലത്തേക്ക് വാക്സിനെടുക്കരുത്. ഗർഭകാലത്ത് കോവിഡ് ബാധിതയായാൽ പ്രസവം കഴിഞ്ഞ ശേഷം വാക്സിനെടുക്കാം.
കോവിഡ് ബാധിച്ച 90 ശതമാനത്തിന് മേൽ ഗർഭിണികളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. എന്നാൽ ദ്രുതഗതിയിൽ കുറച്ച് സമയത്തിനുള്ളിൽ ആരോഗ്യ നില വഷളാകാൻ സാധ്യതയുണ്ട്. ഗർഭകാലത്ത് കോവിഡ് പോസിറ്റീവായ യുവതികൾ ജന്മം നൽകിയ 95 ശതമാനത്തിന് മുകളിൽ കുഞ്ഞുങ്ങളും നല്ല ആരോഗ്യ നിലയിലായിരുന്നു.
ഗർഭകാലത്ത് കോവിഡ് പോസിറ്റീവാകുന്നത് മാസം തികയാതെ പ്രസവിക്കുന്നതിന് കാരണമാകും. ചിലപ്പോൾ നവജാത ശിശുവിെൻറ ആശുപത്രി വാസത്തിനോ അല്ലെങ്കിൽ മരണത്തിനോ തന്നെ അത് കാരണമാകുമെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.