ന്യൂഡൽഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയിൽ ഞായറാഴ്ച മാത്രം 18 മരണം. ഇതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഴക്കെടുതിയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം 22 ആയി. ഡൽഹിയിൽ യമുന ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നദികൾ കരകവിഞ്ഞൊഴുകുകയാണ്. മിന്നൽ പ്രളയത്തെതുടർന്നും മണ്ണിടിച്ചിലിനെതുടർന്നും ഹിമാചൽ പ്രദേശിൽ നിരവധി പേർ ഒറ്റപ്പെട്ടു. ഉത്തരേന്ത്യയിൽനിന്നുള്ള ട്രെയിൻ സർവിസിനെയും ബാധിച്ചു. ഡൽഹിയിലും ജമ്മു-കശ്മീർ, ലഡാക്ക്, ഹിമാചൽപ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലുമാണ് ശക്തമായ മഴ. യമുനനഗറിലെ ഹത്നികുണ്ഡ് അണക്കെട്ടിൽനിന്ന് ഹരിയാന വൻ തോതിൽ വെള്ളം തുറന്നുവിട്ടതിനാൽ ഡൽഹി സർക്കാർ പ്രളയ മുന്നറിയിപ്പ് നൽകി. ശക്തമായ മഴയെത്തുടർന്ന് 17 ട്രെയിനുകൾ റദ്ദാക്കി. 12 ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും റെയിൽവേ അറിയിച്ചു.
ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിനെതുടർന്ന് അഞ്ചുപേർ മരിച്ചു. ഷിംലയിൽ മണ്ണിടിച്ചിലിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ മൂന്നു പേരും കുളുവിൽ താൽക്കാലിക ഷെഡ് തകർന്ന് സ്ത്രീയും ചമ്പയിൽ മണ്ണിടിഞ്ഞ് ഒരാളുമാണ് മരിച്ചത്. സംസ്ഥാനത്ത് 36 മണിക്കൂറിനിടെ 13 മിന്നൽ പ്രളയങ്ങളും 14 വലിയ മണ്ണിടിച്ചിലുമുണ്ടായി. 736 ഓളം റോഡുകൾ അടച്ചു. മണാലിയിൽ കടകളും കുളുവിൽ വാഹനങ്ങളും ഒലിച്ചുപോയി. ബിയാസ് നദി കരകവിഞ്ഞൊഴുകി ചണ്ഡിഗഢ്-മണാലി ദേശീയപാതയുടെ ഒരു ഭാഗം ഒഴുകിപ്പോയി. മണാലി-അടൽ ടണൽ പാതകളിലെ ഗതാഗതം തടസ്സപ്പെട്ടു. സ്പിറ്റി, ലാഹൗൽ, ചന്ദ്രതാൽ തുടങ്ങിയിടങ്ങളിൽ 200ലധികം പേർ കുടുങ്ങിക്കിടക്കുകയാണ്. ജൂലൈ 10,11 തീയതികളിൽ ഹിമാചലിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.
ഉത്തരാഖണ്ഡിൽ കേദാർനാഥിൽനിന്ന് ഋഷികേശിലേക്ക് പോവുകയായിരുന്ന 11 അംഗ തീർഥാടക സംഘം സഞ്ചരിച്ച ജീപ്പ് ഗംഗയിലേക്ക് മറിഞ്ഞ് മൂന്നുപേർ ഒഴുക്കിൽപെട്ട് മരിച്ചു. ഒഴുക്കിൽപെട്ട് കാണാതായ മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണ്. അഞ്ചുപേരെ രക്ഷപ്പെടുത്തി. ഋഷികേശ്-ബദരിനാഥ് ദേശീയപാതയിലാണ് അപകടം. റോഡിലേക്ക് വീണ മൺതിട്ടയിലിടിച്ച് കാർ നദിയിൽ പതിക്കുകയായിരുന്നു. ഉത്തരാഖണ്ഡിലെ കാശിപുരിൽ രണ്ടു വീടുകൾ തകർന്ന് ദമ്പതികൾ മരിച്ചു.
ജമ്മു-കശ്മീരിലെ ദോഡ ജില്ലയിൽ ബസിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ടു പേർ മരിച്ചു. കശ്മീരിൽ ഝലം നദിയിലെ നീരൊഴുക്ക് കുറഞ്ഞുതുടങ്ങി. മഴ കുറഞ്ഞതോടെ അമർനാഥ് യാത്രയും പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം പൂഞ്ച് ജില്ലയിൽ മിന്നൽ പ്രളയത്തിലകപ്പെട്ട് മരിച്ച രണ്ടു സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഞായറാഴ്ച ഉത്തർപ്രദേശിൽ കനത്ത മഴയിൽ വീടിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണ് പത്തുവയസ്സുകാരി മരിച്ചു.
മുസഫർനഗറിൽ വീടിന്റെ മേൽക്കൂര തകർന്നു വീണ് സ്ത്രീയും ആറുവയസ്സുള്ള മകളും മരിച്ചു. ശനിയാഴ്ച ഇടിമിന്നലേറ്റ് രണ്ടു പേർ ഉത്തർപ്രദേശിൽ മരിച്ചിരുന്നു.ന്യൂഡൽഹി: കനത്ത നാശം വിതച്ച് ഉത്തരേന്ത്യയിൽ തകർത്ത് പെയ്യുന്ന മഴയിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിവിധ ഭാഗങ്ങളിലായി 12 പേർ മരിച്ചു. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് മഴക്കെടുതി രൂക്ഷമായത്. ഡൽഹിൽ കഴിഞ്ഞ 40 വർഷത്തെ ഏറ്റവും കൂടിയ മഴയാണ് പെയ്തിറങ്ങിയത്. നഗരത്തിൽ മണിക്കൂറിൽ153 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി, 1982 ന് ശേഷം ഏറ്റവും കൂടിയ മഴയാണിത്.
ഡൽഹിയിലും സമീപ പ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷമായിട്ടുണ്ട്. മാർക്കറ്റുകളിലെയും ജനവാസ കേന്ദ്രങ്ങളിലെയും പല റോഡുകളും വെള്ളത്തിനടിയിലാണ്. ഫ്ളൈ ഓവറുകൾ ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഗതാഗതം നിലച്ചു.
ന്യൂഡല്‍ഹി: രണ്ടുദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ മുങ്ങി ഡൽഹി നഗരം. 41 വര്‍ഷത്തിനിടെയുണ്ടായ റെക്കോഡ് മഴയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളിൽ 153 മില്ലിമീറ്റർ മഴ ലഭിച്ചു. 1982 ജൂലൈക്കുശേഷം ആദ്യമായാണ് പ്രതിദിന മഴപ്പെയ്ത്തുനിരക്ക് ഇത്രയേറെ രേഖപ്പെടുത്തിയത്. മൺസൂൺ സീസണിലെ മൊത്തം മഴയുടെ 15 ശതമാനം മഴ വെറും 12 മണിക്കൂറിനുള്ളിൽ ലഭിച്ചു. വെള്ളക്കെട്ട് മൂലം ഗതാഗത സംവിധാനങ്ങൾ താറുമാറായി. റോഡുകളിലും അടിപ്പാതകളിലും വെള്ളം കെട്ടി നില്‍ക്കുകയാണ്. മിക്ക മെട്രോ സ്റ്റേഷൻ പരിസരങ്ങളും പൂർണമായും വെള്ളത്തിനടിയിലായി. ഡൽഹി-ജയ്പുർ ദേശീയപാത, ഡൽഹി-ഗുരുഗ്രാം അതിവേഗ പാതകളിലടക്കം വെള്ളക്കെട്ട് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഞായറാഴ്ചയിലെ സർക്കാർ ജീവനക്കാരുടെ അവധി ഒഴിവാക്കി പ്രശ്ന ബാധിത പ്രദേശങ്ങൾ സന്ദർശിക്കാർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിർദേശം നൽകി. സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മഴ ഇതുപോലെ അടുത്ത മൂന്ന് ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.