ചെന്നൈ: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്. ചെന്നൈയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ രണ്ടുമൂന്ന് ദിസത്തേക്ക് യാത്ര മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. രണ്ട് ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ഓഫിസുകൾക്കും അവധിയാണ്. സ്വകാര്യ സ്ഥാപനങ്ങൾ അവധി നൽകുകയോ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി നോക്കാൻ അനുമതി നൽകുകയോ ചെയ്യണമെന്ന് സ്റ്റാലിൻ അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെന്നൈ, വെല്ലൂർ,നാഗപട്ടണം, കാരക്കൽ തുടങ്ങിയ ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച വരെ മഴ തുടരാനാണ് സാധ്യത.
കഴിഞ്ഞ 12 മണിക്കൂറിനിടെ 20 സെ.മീ മഴയാണ് ചെന്നൈയിൽ പെയ്തതെന്ന് ആരോഗ്യമന്ത്രി സുബ്രഹ്മണ്യൻ അറിയിച്ചു. വെള്ളക്കെട്ടുണ്ടായ 500 ഇടങ്ങളിൽ പമ്പ് സെറ്റുകൾ ഉപയോഗിച്ച് ജലം ഒഴുക്കിവിടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 50000 ഭക്ഷണപ്പൊതികൾ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. താൽകാലിക താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വീടുകളും കടകളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണുള്ളത്. വെള്ളപ്പൊക്കത്തെ തുടർന്ന് നിർത്തി വെച്ച സബർബൻ ട്രെയിൻ സർവീസ് പുനഃസ്ഥാപിച്ചതായി റെയിൽവേ അറിയിച്ചു.
അതേസമയം, മഴക്കെടുതി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായും ദേശീയ ദുരന്ത നിവാരണ ഫണ്ടിൽനിന്നും തുകയനുവദിക്കാൻ അഭ്യർഥിച്ചതായും സ്റ്റാലിൻ ട്വീറ്റ് ചെയ്തു. തമിഴ്നാട്ടിലെ ദുരന്ത ബാധിതർക്കായി പ്രാർഥിക്കുന്നതായും കേന്ദ്രത്തിന്‍റെ സഹായം ഉറപ്പുവരുത്തുമെന്നും മോദി ട്വീറ്റ് ചെയ്തു. തമിഴ്നാട് സെക്രട്ടറി ഡോൽഫിൻ ശ്രീധരനെ റിലീഫ് പ്രവർത്തനങ്ങൾക്ക് നിയോഗിച്ചതായി ബി.ജെ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.