മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അടുത്തദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത

ന്യൂഡൽഹി: തീവ്ര ന്യൂനമർദം രൂപപ്പെട്ടതിനാൽ അടുത്തദിവസങ്ങളിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി) ആണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്.

ഞായറാഴ്ച രാത്രി രാജസ്ഥാനിലെ ചിറ്റോർഗഡിന് 70 കി.മീറ്റർ തെക്ക് കിഴക്കായാണ് ന്യൂനമർദം രൂപപ്പെട്ടത്. ഇത് തെക്കു പടിഞ്ഞാറായി നീങ്ങുകയും ദക്ഷിണ രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെ ബാധിക്കുകയും ആഗസ്റ്റ് 29ഓടെ സൗരാഷ്ട്ര, കച്ച്, പാകിസ്താന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് എത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഐ.എം.ഡി പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറഞ്ഞു.

ബംഗ്ലാദേശിനും പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി സ്ഥിതി ചെയ്യുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ ഇത് കൂടുതൽ ശക്തി പ്രാപിച്ച് പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ത്സാർഖണ്ഡ് എന്നിവിടങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. മധ്യപ്രദേശിൽ തിങ്കളാഴ്ച കനത്ത മഴ പ്രതീക്ഷിക്കുന്നതായും ഐ.എം.ഡി അറിയിച്ചു.

രാജസ്ഥാൻ, ഗുജറാത്ത്, സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിലും സമാനമായ അവസ്ഥ ഓഗസ്റ്റ് 26 മുതൽ 29 വരെ ഉണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കൊങ്കൺ, ഗോവ, മഹാരാഷ്ട്ര, ഒഡിഷ, പശ്ചിമ ബംഗാൾ, ത്സാർഖണ്ഡ് എന്നിവിടങ്ങളിലും അടുത്ത രണ്ട് ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കും. മത്സ്യത്തൊഴിലാളികൾ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഓഗസ്റ്റ് 30 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് ഐ.എം.ഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Tags:    
News Summary - Heavy rain likely over Madhya Pradesh, Rajasthan, Gujarat and Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.