ഇസ്രായേലിനെ വിമർശിച്ച്, ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ

ന്യൂഡൽഹി: ഗസ്സയിൽ ഫലസ്തീനികൾക്കെതിരായ സയണിസ്റ്റ് ആക്രമണത്തെയും ഇസ്രായേലിന്റെ ഹീനമായ വംശഹത്യയെയും അപലപിച്ച് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ. ഫലസ്തീനികൾക്ക് സമാധാനവും നീതിയും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ്, എസ്.പി, ജെ.ഡി (യു), ആപ് തുടങ്ങിയ പാർട്ടികൾ ആവശ്യപ്പെട്ടു.

അൽ ഖുദ്‌സിനായുള്ള പാർലമെന്റ് അംഗങ്ങളുടെ ലീഗിന്റെ ജനറൽ സെക്രട്ടറി മുഹമ്മദ് മക്രാം ബലാവിയുടെ നേതൃത്വത്തിൽ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ യോഗത്തിലാണ് നേതാക്കൾ ഇസ്രായേൽ ആക്രമണത്തെ കടുത്ത ഭാഷയിൽ വിമർശിച്ചത്. ഇസ്രായേലിന്റെ ക്രൂരമായ ആക്രമണം മാനവികതക്ക് അപമാനം മാത്രമല്ല, അന്താരാഷ്ട്ര നിയമങ്ങളുടെയും നീതിയുടെയും സമാധാന തത്ത്വങ്ങളുടെയും കടുത്ത ലംഘനം കൂടിയാണെന്ന് പ്രസ്താവനയിൽ നേതാക്കൾ പറഞ്ഞു.

1988ൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ആദ്യ അറബ് ഇതര രാജ്യമാണ് ഇന്ത്യ എന്നതിൽ അഭിമാനിക്കുന്നതായും സ്വയം നിർണയാവകാശത്തിനും പരമാധികാരത്തിനും വിമോചനത്തിനും ഫലസ്തീൻ ജനതക്കുള്ള അവകാശത്തെ ഇന്ത്യ സ്ഥിരമായി പിന്തുണച്ചതായും അവർ ചൂണ്ടിക്കാട്ടി. ഇസ്രായേലിന് ഇന്ത്യ ആയുധം നൽകുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കൾ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

ആക്രമണം അവസാനിപ്പിക്കാനും ഫലസ്തീനിലെ വംശഹത്യയുടെ ഇരകൾക്ക് സമാധാനവും നീതിയും ഉറപ്പാക്കാനും ഐക്യരാഷ്ട്ര സഭ പ്രമേയങ്ങൾ നടപ്പാക്കാനും കേന്ദ്ര സർക്കാറിനോടും അന്താരാഷ്ട്ര സമൂഹത്തോടും യോഗം ആവശ്യപ്പെട്ടു.

സമാജ്‌വാദി പാർട്ടി എം.പിമാരായ ജാവേദ് അലി, മൊഹിബ്ബുല, ആപ് എം.പി സഞ്ജയ് സിങ്, ജെ.ഡി (യു) നേതാവ് കെ.സി. ത്യാഗി, കോൺഗ്രസ് നേതാവ് ഡാനിഷ് അലി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Political parties expressing solidarity with Palestine, criticizing Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.