ടോൾ ബൂത്തുകൾ ഇല്ലാതാകും; ടോൾ പിരിക്കാൻ ജി.എന്‍.എസ്.എസ് വരുന്നു

ന്യൂഡൽഹി: ടോൾ പിരിവിനായി ഫാസ്ടാഗിന് പകരം അത്യാധുനിക സംവിധാനമായ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജി.എന്‍.എസ്.എസ്) അവതരിപ്പിക്കുന്നു. തല്‍സമയം വാഹനങ്ങളെ ട്രാക്ക് ചെയ്ത് ടോള്‍ പിരിക്കുന്ന സംവിധാനമാണിത്. ജി.എന്‍.എസ്.എസില്‍ സ്ഥിരം ടോള്‍ ബൂത്തുകള്‍ ആവശ്യമില്ല. ടോള്‍ പാതയില്‍ എത്രദൂരം യാത്ര ചെയ്തോ അതിനുള്ള തുക മാത്രം നല്‍കിയാല്‍ മതിയാവും. ഈ സംവിധാനത്തില്‍ സാറ്റലൈറ്റ് സംവിധാനങ്ങളുടെ സഹായത്തിലാണ് വാഹനങ്ങള്‍ ട്രാക്കു ചെയ്യുന്നത്. ടോള്‍ തുക എത്രയാണെന്ന് കണക്കു കൂട്ടുന്നതിലും പിരിക്കുന്നതിലും ജി.എന്‍.എസ്.എസിന്റെ വരവ് വലിയ മാറ്റങ്ങളുണ്ടാക്കും.

ഈ സംവിധാനത്തിനു കീഴില്‍ ടോള്‍ ബൂത്തുകള്‍ തന്നെ ഇല്ലാതാവും. ടോള്‍ബൂത്തുകളിലെ നീണ്ടവരിയും ഗതാഗത തടസങ്ങളും അവസാനിക്കും. സഞ്ചരിക്കുന്ന ദൂരത്തിനു മാത്രം തുക ഈടാക്കുമെന്നതിനാല്‍ വാഹന ഉടമകള്‍ക്ക് ചെറു യാത്രകള്‍ക്ക് മുഴുവന്‍ ടോള്‍ നല്‍കേണ്ടി വരുന്നുവെന്ന ദോഷം ഒഴിവാക്കാനാവും. പുതിയ സംവിധാനം വഴി ശേഖരിക്കുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഗതാഗത നിയന്ത്രണവും അടിസ്ഥാന സൗകര്യ വികസനവുമെല്ലാം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ സര്‍ക്കാരിന് ആവിഷ്‌കരിക്കാനാകും.

പലഘട്ടങ്ങളിലായാണ് ജി.എന്‍.എസ്.എസ് നടപ്പാക്കുക. ആദ്യഘട്ടത്തില്‍ ജി.എന്‍.എസ്.എസും ഫാസ്ടാഗും ചേര്‍ന്നുള്ള സംവിധാനമാണ് പരീക്ഷിക്കുക. വിജയിച്ചാല്‍ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കുകയും ചെയ്യും. രണ്ട് പ്രധാന ദേശീയപാതകളില്‍ ഇതിനകം തന്നെ ജിഎന്‍എസ്എസ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. കര്‍ണാടകയിലെ ബെംഗളൂരു-മൈസൂര്‍ ദേശീയ പാതയിലും ഹരിയാനയിലെ പാനിപ്പത്ത്-ഹിസാര്‍ ദേശീയപാതയിലുമാണിത്.

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനത്തിലാണ് ഫാസ്ടാഗ് പ്രവര്‍ത്തിക്കുന്നത്. ടോള്‍ ബൂത്തുകളിലൂടെ ഫാസ്ടാഗ് പതിപ്പിച്ച വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ പണം ഓട്ടോമാറ്റിക്കായി ലഭിക്കുന്നതരത്തിലാണ് പ്രവര്‍ത്തനം. ഫാസ്ടാഗുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം ഈടാക്കുക. പരമ്പരാഗത രീതിയെ അപേക്ഷിച്ച് ടോള്‍ബൂത്തുകളിലെ നീണ്ട വരിയുടെ നീളം കുറഞ്ഞെങ്കിലും വരി പൂര്‍ണമായും ഒഴിവാക്കാന്‍ ഫാസ്ടാഗിന് കഴിഞ്ഞിട്ടില്ല. ഓരോ വാഹനവും സ്‌കാന്‍ ചെയ്ത് കടന്നുപോവാനായി നിശ്ചിത സമയം നിര്‍ത്തിയിടേണ്ടതുണ്ട്. ഇത് തിരക്കിന് കാരണമാവാറുണ്ട്.

നിലവില്‍ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ പ്രതിവര്‍ഷം 40,000 കോടി രൂപയാണ് ടോള്‍ പിരിക്കുന്നത്. പുതിയ സംവിധാനം കൂടി വരുന്നതോടെ അടുത്ത മൂന്നു വര്‍ഷത്തിനകം ഇത് 1.40 ലക്ഷം കോടി രൂപയാവുമെന്നാണ് കേന്ദ്രം കണക്കുകൂട്ടുന്നത്. ഈ വരുമാനത്തിലെ കുതിപ്പ് അടിസ്ഥാന സൗകര്യ മേഖലയില്‍ കരുത്താവുമെന്നും കരുതപ്പെടുന്നു. 2024 അവസാനമാവുമ്പോഴേക്കും ജി.എന്‍.എസ്.എസ് ഇന്ത്യയില്‍ നടപ്പിലാക്കുമെന്ന് നേരത്തെ പല അവസരങ്ങളില്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി തന്നെ ആവര്‍ത്തിച്ചിട്ടുണ്ട്.

Tags:    
News Summary - Toll booths system will end; GNNS comes to collect toll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.