ബംഗളൂരു: ഭരണഘടന തിരുത്തിയെഴുതണമെന്ന ബി.ജെ.പി എം.പി അനന്ത്കുമാർ ഹെഗ്‌ഡെയുടെ പ്രസ്താവന ബി.ജെ.പിയുടെ ഗൂഢലക്ഷ്യങ്ങൾ തുറന്നുകാട്ടുന്നുവെന്ന് കോൺഗ്രസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. എം.പിയുടെ പരാമർശം അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായം മാത്രമല്ലെന്നും ബി.ജെ.പിയുടെ മറഞ്ഞിരിക്കുന്ന അജണ്ടയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
"ഭരണഘടന എല്ലാ മതങ്ങളിലെയും മനുഷ്യരെ ഒരുപോലെ സംരക്ഷിക്കുന്നതാണ്. എല്ലാവർക്കും അവരുടെ വിശ്വാസം പിൻതുടരാനുള്ള അവകാശവും ഭരണഘടന നൽകുന്നു. ഭരണഘടനയെ തന്നെ മാറ്റിമറിച്ച് ഹിന്ദുയിസത്തിന്‍റെ ഏത് പതിപ്പ് സംരക്ഷിക്കാനാണ് അനന്ത്കുമാർ ഹെഗ്‌ഡെ ലക്ഷ്യമിടുന്നത്? ബാബാ സാഹിബ് അംബേദ്കറുടെ ഭരണഘടനയുടെ പതിപ്പിന് പകരം മനുസ്മൃതിയുടെ സ്വാധീനമുള്ള തങ്ങളുടേത് സ്ഥാപിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢലക്ഷ്യങ്ങളെ ഹെഗ്‌ഡെയുടെ പ്രസ്താവന തുറന്നുകാട്ടി" -സിദ്ധരാമയ്യ പറഞ്ഞു.
ബി.ജെ.പി വിഭാവനം ചെയ്യുന്ന മാറ്റങ്ങൾ നടപ്പിലാക്കുന്നത് ജാതി വ്യവസ്ഥയുടെ അനീതികൾ ശാശ്വതമാക്കുമെന്നും ഒ.ബി.സി, ദലിതർ തുടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്കുള്ള സംരക്ഷണം ഇല്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബി.ജെ.പി 400 സീറ്റുകളിൽ വിജയിക്കാൻ എല്ലാവരും കണിശമായും സഹായിക്കണമെന്നും കോൺഗ്രസ് നേതാക്കൾ പല കാലങ്ങളിലായി ഭരണഘടന ഭേദഗതി വരുത്തിയിട്ടുണ്ട്. അതൊന്നും ഹിന്ദുയിസം മുൻനിർത്തിയായിരുന്നില്ല. മതസംരക്ഷണം മുൻനിർത്തി അത് ചെയ്യേണ്ടതുണ്ടെന്നമായിരുന്നു ഉത്തരകന്നടയിൽ പാർട്ടിപ്രവർത്തകരുടെ യോഗത്തിൽ എം.പി നടത്തിയ വിവാദ പരാമർശം. ലോക്സഭയിലും രാജ്യസഭയിലും മൂന്നിൽരണ്ട് ഭൂരിപക്ഷം ലഭിക്കുകയും 20ലേറെ സംസ്ഥാനങ്ങളിൽ ബി.ജെ.പി അധികാരത്തിൽവരുകയും ചെയ്താൽ ഭരണഘടന തിരുത്തിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അനന്തകുമാർ ഹെഗ്‌ഡെയുടെ ഭരണഘടനയെക്കുറിച്ചുള്ള പരാമർശങ്ങൾ അദ്ദേഹത്തിന്‍റെ വ്യക്തിപരമായ വീക്ഷണങ്ങളാണ് അത് പാർട്ടിയുടെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നതല്ലെന്നുമാണ് കർണാടക ബി.ജെ.പിയുടെ പ്രതികരണം. അഭിപ്രായത്തെക്കുറിച്ച് ഹെഗ്‌ഡെയോട് വിശദീകരണം ചോദിക്കുമെന്നും കർണാടക ബി.ജെ.പി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.