ഭോപാൽ: സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്തിനൊപ്പം കുന്നൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച നാലു സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ കൂടി സംസ്കരിച്ചു. ലഫ്. കേണൽ ഹർജിന്ദർ സിങ്, നായ്ക് ഗുർസേവക് സിങ്, ജനറൽ ബിപിൻ റാവത്തിെൻറ സുരക്ഷ ഉദ്യോഗസ്ഥനായ നായ്ക് ജിതേന്ദ്ര കുമാർ, ലാൻസ് നായ്ക് സായ് തേജ എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച പൂർണ സൈനിക ബഹുമതികളോടെ സ്വന്തം ദേശങ്ങളിൽ സംസ്കരിച്ചത്. മൃതദേഹാവശിഷ്ടങ്ങളിൽ നടത്തിയ ഡി.എൻ.എ പരിശോധനയിൽ കഴിഞ്ഞ ദിവസം നാലു പേരെയും തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് മൃതദേഹങ്ങൾ ശനിയാഴ്ച ബന്ധുക്കൾക്ക് കൈമാറിയിരുന്നു.
ഡൽഹി കേൻറാൺമെൻറിലെ ബ്രാർ സ്ക്വയറിലായിരുന്നു ലഫ്.കേണൽ ഹർജിന്ദർ സിങ്ങിെൻറ അന്ത്യ ചടങ്ങുകൾ. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സഹമന്ത്രി അജയ് ഭട്ട്, സൈനിക മേധാവി എം.എം. നരവനെ, എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി, നാവികസേന മേധാവി അഡ്മിറൽ ആർ. ഹരികുമാർ എന്നിവർ മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിച്ചു.
ഭാര്യയും റിട്ട. ഉദ്യോഗസ്ഥയായ മാജ് ആഗ്നസ് പി. മാനസിസും മകൾ പ്രീത് കൗറും അന്ത്യചടങ്ങുകളിൽ അവസാനം വരെ സാക്ഷികളായി. മധ്യപ്രദേശിലെ ദാമന്ദ് ഗ്രാമത്തിലെ വസതിയിലായിരുന്നു ബിപിൻ റാവത്തിെൻറ സുരക്ഷ ഉദ്യോഗസ്ഥൻ നായ്ക് ജിതേന്ദ്ര കുമാറിെൻറ സംസ്കാര ചടങ്ങുകൾ. ഒന്നര വയസ്സുകാരനായ മകൻ ബന്ധുവിെൻറ മടിയിൽ ഇരുന്ന് സംസ്കാര ചടങ്ങുകൾ നിർവഹിച്ചത് കണ്ടു നിന്നവർക്ക് നൊമ്പരക്കാഴ്ചയായി.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉൾപ്പെടെയുള്ളവർ അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു. ബന്ധുക്കൾക്ക് ഒരു കോടി രൂപ ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശുകാരനായ ലാൻസ് നായ്ക് സായ് തേജയുടെ മൃതദേഹം ചിറ്റൂരിലെ സ്വന്തം ഗ്രാമമായ യെഗുവരഗാഡിയിലെ വീട്ടിലെത്തിച്ചപ്പോൾ വികാര നിർഭരമായ രംഗങ്ങൾക്കാണ് നാട് സാക്ഷ്യം വഹിച്ചത്. മൃതദേഹവുമായി എത്തിയ സൈനിക വാഹനത്തിനെ അനുഗമിച്ച് നൂറു കണക്കിന് പേരാണ് അദ്ദേഹത്തിെൻറ വസതിയിലേക്ക് ഒഴുകിയെത്തിയത്.
കുന്നൂരിലെ ഹെലികോപ്ടർ അപകടത്തിൽ പരിക്കേറ്റ് ബംഗളൂരു വ്യോമസേന കമാൻഡ് ആശുപത്രിയിലുള്ള ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ്ങിെൻറ ആരോഗ്യനിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം മുതൽ മരുന്നുകളോട് പ്രതികരിച്ചതിെൻറ പ്രതീക്ഷയിലാണ് ഡോക്ടർമാർ. എന്നാൽ, രക്തസമ്മർദത്തിലെ പെട്ടെന്നുള്ള വ്യത്യാസം ആശങ്ക ഉയർത്തുന്നുണ്ട്. വരുൺ സിങ്ങിെൻറ കൈകൾക്കും മുഖത്തുമാണ് സാരമായ പൊള്ളലേറ്റത്.
നേരത്തെ 80ശതമാനം പൊള്ളലേറ്റെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അത്രത്തോളം ഇല്ലെന്നാണ് സ്ഥിരീകരിച്ചത്. വിദഗ്ധ ഡോക്ടർമാർ ഒരോ മണിക്കൂറിലും ആരോഗ്യനില പരിശോധിക്കുന്നുണ്ട്. ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലെന്നാണ് വ്യോമസേന വൃത്തങ്ങളുടെ പ്രതികരണം. കുടുംബാംഗങ്ങളും ബംഗളൂരുവിലുണ്ട്.
ഞായറാഴ്ച കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി സംബന്ധിച്ച് ആരാഞ്ഞു. മാതാപിതാക്കളുമായും സംസാരിച്ചു. വ്യാഴാഴ്ചയാണ് വെലിങ്ടണിലെ സൈനിക ആശുപത്രിയിൽനിന്ന് പ്രത്യേക വിമാനത്തിൽ വരുൺ സിങ്ങിനെ ബംഗളൂരുവിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.