ലേ: രാജ്യത്ത് കോവിഡ് വ്യാപന തോത് ഏറെ കുറഞ്ഞ മേഖലയാണ് കേന്ദ്രഭരണ പ്രദേശമായ ലഡാക്ക്. ഇന്ത്യയുടെ ഏറ്റവും തണുത്തുറഞ്ഞ ഭൂപ്രദേശമായ ലഡാക്കില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 1327 കേസുകള്‍ മാത്രമാണ്. നാല് മരണം മാത്രമാണുണ്ടായത്. ഉയരം കൂടിയ ഭൂപ്രദേശമായതും അള്‍ട്രാ വയലറ്റ് രശ്മികള്‍ കൂടുതല്‍ പതിക്കുന്നതും ലഡാക്കില്‍ കോവിഡ് വ്യാപനം നിയന്ത്രിച്ചുനിര്‍ത്താന്‍ കാരണമായെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
82 ശതമാനമാണ് ലഡാക്കിലെ കോവിഡ് മുക്തി നിരക്ക്. ദേശീയശരാശരിയായ 64.24 ശതമാനത്തിലും ഏറെ മുകളിലാണിത്. ആകെ രോഗബാധിതരില്‍ 1067 പേരും രോഗമുക്തി നേടിയപ്പോള്‍ നിലവില്‍ ചികിത്സയിലുള്ളത് 254 പേര്‍ മാത്രമാണ്. ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമാണ് ഇവര്‍ ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ല.
ലഡാക്കിലെ കോവിഡ് ബാധിതര്‍ സമയബന്ധിതമായി രോഗമുക്തരാകുന്നത് നല്ല കാര്യമാണെന്ന് ലഡാക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്‍ഷനിലെ റിട്ട. ഫിസിഷ്യനായ സെറിങ് നോര്‍ബോ പറയുന്നു. ഇത് വിസ്മയിപ്പിക്കുന്ന കാര്യം കൂടിയാണ്. ഭൂരിഭാഗം കോവിഡ് രോഗികളും ശ്വാസകോശരോഗികള്‍ ഏറെയുള്ള മേഖലയില്‍നിന്നാണ് -നോര്‍ബോ പറയുന്നു.
ടിബറ്റിലെയും ചൈനയിലെയും ഉയരമേറിയ മേഖലകളിലെ രോഗവ്യാപന തോതിനെക്കുറിച്ച് ഗവേഷകര്‍ പരിശോധിച്ചിരുന്നു. കാനഡയിലെ ക്യൂബെക് യൂനിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റെസ്പിരേറ്ററിയിലെ ഗവേഷകരുടെ പഠനവും ഉയരമേറിയ മേഖലയില്‍ കോവിഡ് വ്യാപനം പതുക്കെയാണെന്ന കണ്ടെത്തലിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 3000 മീറ്ററിന് മുകളില്‍ ഉയരമുള്ള മേഖലയില്‍ താമസിക്കുന്നവര്‍ക്കിടയില്‍ കൊറോണ വൈറസ് വ്യാപനം കുറയുന്നതായാണ് പഠനം പറയുന്നത്. പ്രകൃത്യായുള്ള ഘടകങ്ങള്‍ക്കും ഫിസിയോളജിക്കല്‍ ഘടകങ്ങള്‍ക്കും ഇതുമായി ബന്ധമുണ്ട്.
ഉയര്‍ന്ന മേഖലകളിലെ വരണ്ട കാലാവസ്ഥയും രാത്രിയും പകലും അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന വലിയ വ്യത്യാസവും ഉയര്‍ന്ന അള്‍ട്രാ വയലറ്റ് റേഡിയേഷനും അണുനാശിനിയായി പ്രവര്‍ത്തിക്കുന്നുവെന്ന് പഠനം പറയുന്നു. അള്‍ട്രാ വയലറ്റ് രശ്മികള്‍ക്ക് വൈറസിന്റെ ജനിതക വസ്തുവായ ഡി.എന്‍.എ അല്ലെങ്കില്‍ ആര്‍.എന്‍.എയില്‍ മാറ്റം വരുത്താന്‍ സാധിക്കും.
ഉയര്‍ന്ന ഭൂപ്രദേശത്തെ ഇത്തരം ഘടകങ്ങള്‍ വൈറസിന്റെ അതിജീവനം പ്രയാസമാക്കുകയും അതിന്റെ തീവ്രത കുറക്കുകയും ചെയ്യുന്നു. ഇതോടൊപ്പം അന്തരീക്ഷ വായുവിന്റെ താഴ്ന്ന സാന്ദ്രതയും തന്മാത്രകള്‍ തമ്മിലെ അകലവും കാരണം വായുവിലെ വൈറസ് കൂട്ടങ്ങള്‍ സമുദ്രനിരപ്പിലേതിനെക്കാള്‍ ചെറുതായിരിക്കും.
ഉയര്‍ന്ന പ്രദേശങ്ങളിലെ ജനങ്ങളില്‍ വൈറസ് വ്യാപനം കുറയുന്നത് വൈറസിന്റെ വ്യാപന രീതിയെ കുറിച്ചും രോഗചികിത്സയെകുറിച്ചുമുള്ള പഠനങ്ങള്‍ക്ക് വെളിച്ചംവീശുമെന്ന് നോര്‍ബോ പറയുന്നു.
ലഡാക്കിലെ കോവിഡ് രോഗികള്‍ക്കെല്ലാം നേരിയ ലക്ഷണം മാത്രമാണുള്ളതെന്ന് ലേ എസ്.എന്‍.എം ആശുപത്രിയിലെ ഫിസിഷ്യന്‍ താഷി തിന്‍ലാസ് പറയുന്നു. രോഗമുക്തി നിരക്ക് ഏറെ കൂടുതലാണ്. ലേ ജില്ലയില്‍ 64 ശതമാനവും കാര്‍ഗിലില്‍ 94 ശതമാനവുമാണ് രോഗമുക്തി. മൂന്ന് മരണം കാര്‍ഗിലിലും ഒന്ന് ലേയിലുമാണ്. ജൂലൈ 28 വരെ 17,976 കോവിഡ് ടെസ്റ്റുകളാണ് ലഡാക്കില്‍ നടത്തിയത്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.