ചെന്നൈ: സംസ്ഥാനത്തെ 44 കേന്ദ്രങ്ങളിൽ നവംബർ ആറിന് നിബന്ധനകളോടെ ആർ.എസ്.എസ് റൂട്ട് മാർച്ച് നടത്താൻ അനുമതി നൽകി മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. അതേസമയം കോയമ്പത്തൂർ, തിരുപ്പൂർ, കന്യാകുമാരി ജില്ലകളിലെ ആറിടങ്ങളിൽ അനുമതി നിഷേധിച്ചു.
ഗാന്ധിജയന്തി ദിനമായ ഒക്ടോ. രണ്ടിന് റൂട്ട് മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചതിനെതിരെ ആർ.എസ്.എസ് ഭാരവാഹികൾ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജികളിന്മേലാണ് ഉത്തരവ്. ക്രമസമാധാന പ്രശ്നമുന്നയിച്ച് ആർ.എസ്.എസ് റൂട്ട് മാർച്ചിന് അനുമതി നൽകാനാവില്ലെന്നായിരുന്നു തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചത്.
പിന്നീട് കോടതി ആവശ്യപ്പെട്ട പ്രകാരം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചു. കോയമ്പത്തൂർ കാർ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ റൂട്ട്മാർച്ചിന് അനുമതി നൽകാനാവില്ലെന്നാണ് റിപ്പോർട്ടിൽ അറിയിച്ചത്. എന്നാലിതിനെയും മറികടന്നാണ് കോടതി 44 കേന്ദ്രങ്ങളിൽ റൂട്ട് മാർച്ചിന് അനുമതി നൽകിയത്.
കോയമ്പത്തൂർ, മേട്ടുപാളയം, പൊള്ളാച്ചി, നാഗർകോവിൽ, അരമന, പല്ലടം എന്നിവിടങ്ങളിലാണ് അനുമതി നിഷേധിച്ചത്. എന്നാൽ, രണ്ടു മാസത്തിനുശേഷം ഈ ആറു കേന്ദ്രങ്ങളിലും റൂട്ട് മാർച്ച് നടത്താൻ അനുമതി തേടി പൊലീസിന് അപേക്ഷ നൽകാമെന്നും ജസ്റ്റിസ് ജി.കെ. ഇളന്തിരിയൻ വ്യക്തമാക്കി.
ഹൈകോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയേക്കുമെന്നും സൂചനയുണ്ട്. ഇതേ ആവശ്യമുന്നയിച്ച് ഡി.എം.കെ സഖ്യകക്ഷികൾ സർക്കാറിന് മീതെ സമ്മർദം ചെലുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.