ഭൂമി കുംഭകോണ കേസിൽ സിദ്ധരാമയ്യക്ക് ആശ്വാസം; 29 വരെ നടപടിയെടുക്കരുതെന്ന് കർണാടക ഹൈകോടതി

ബംഗളൂരു: മൈസൂരു വികസന അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് താൽക്കാലിക ആശ്വാസം. കേസിൽ സിദ്ധരാമയ്യക്കെതിരെ വേഗത്തിൽ നടപടി എടുക്കരുതെന്ന് വിചാരണ കോടതിക്ക് കർണാടക ഹൈകോടതി നിർദേശം നൽകി.

സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിഞ്ഞദിവസം ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് അനുമതി നൽകിയിരുന്നു. ഈമാസം 29 വരെ സിദ്ധരാമയ്യക്കെതിരെ കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കരുതെന്നാണ് കോടതി നിർദേശം. ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യ ഹൈകോടതിയെ സമീപിച്ചത്. തന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഭരണം തടസ്സപ്പെടുത്തുമെന്നും രാഷ്ട്രീയ അസ്ഥിരതക്ക് കാരണമാകുമെന്നും സിദ്ധരാമയ്യ കോടതിയിൽ ചൂണ്ടിക്കാട്ടി.

മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വിയാണ് സിദ്ധരാമയ്യക്കുവേണ്ടി ഹാജരായത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള സംഘടിത ശ്രമത്തിന്‍റെ ഭാഗമാണ് പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ നൽകിയ അനുമതിയെന്ന് അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. 40 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്നും ജൂഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ടെന്നും നേരത്തെ സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഭാര്യ പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കൈയടക്കി എന്നാണ് ആരോപണം. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്.

Tags:    
News Summary - High Court Relief For Siddaramaiah In Land Scam Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.