ബംഗളൂരു: ശിരോവസ്ത്ര വിവാദത്തിൽ കർണാടകയിൽ ബുധനാഴ്ചയും പ്രതിഷേധം തുടർന്നെങ്കിലും സംഘർഷാവസ്ഥക്ക് അയവ്. ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ പ്രവേശിക്കുന്നതിനുള്ള അനുമതിക്കായി സമരം ചെയ്യുന്ന വിദ്യാർഥിനികൾക്ക് പിന്തുണയുമായി കർണാടകക്ക് പുറമെ, മറ്റു സംസ്ഥാനങ്ങളിലും നിരോധനത്തിനെതിരെ പ്രതിഷേധം നടന്നു. ഇതോടെ പ്രതിഷേധം ദേശീയ തലത്തിലേക്കും വ്യാപിച്ചു.
ഹൈദരാബാദിലെ സൈദാബാദിലെ ഉജലെ ഷാ ഈദ്ഗാഹിൽ പ്രതിഷേധ ധർണ നടത്തി. ഡൽഹി യൂനിവേഴ്സിറ്റിയിലെ മുസ്ലിം വിദ്യാർഥി ഫെഡറേഷനും പ്രതിഷേധിച്ചു. മഹാരാഷ്ട്രയിലും പുതുച്ചേരിയിലും മധ്യപ്രദേശിലും കൊൽക്കത്തയിലും വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു.
ശിരോവസ്ത്രം ധരിച്ച് കോളജുകളിൽ എത്തുന്നതിനെതിരെ കാവി ഷാൾ അണിഞ്ഞുകൊണ്ടുള്ള വിദ്യാർഥികളുടെ പ്രതിഷേധവും ഇതിനെതിരെയുള്ള പ്രതിഷേധവും ശക്തമായതോടെയാണ് കഴിഞ്ഞ ദിവസം കർണാടകയിൽ പല സ്ഥലങ്ങളിലായി സംഘർഷമുണ്ടായത്. തുടർന്ന് മൂന്നു ദിവസത്തേക്ക് കോളജുകളും സ്കൂളുകളും അടച്ചിട്ടതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്. കർണാടകയിൽ തിങ്കളാഴ്ചയായിരിക്കും ഇനി സ്കൂളുകളും കോളജുകളും തുറക്കുക. സംഘർഷത്തെതുടർന്ന് നിരോധനാജ്ഞ നിലനിൽക്കുന്ന ശിവമൊഗ്ഗയിൽ ബുധനാഴ്ച എൻ.എസ്.യു.ഐ അംഗങ്ങൾ ഡിഗ്രി കോളജിൽ പ്രതിഷേധക്കാർ ഉയർത്തിയ കാവി പതാക താഴ്ത്തി അവിടെ ത്രിവർണ പാതക ഉയർത്തി. പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി ആൾക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു.
ഇതിനിടെ, പ്രതിഷേധസാധ്യത കണക്കിലെടുത്ത് ബംഗളൂരുവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് സിറ്റി പൊലീസ് കമീഷണർ കമൽ പന്ത് നിരോധനാജ്ഞ ഏർപ്പെടുത്തി. രണ്ടാഴ്ചയിലേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 200 മീറ്റർ പരിധിയിൽ കൂട്ടം കൂടാനോ പ്രതിഷേധം സംഘടിപ്പിക്കാനോ മറ്റു സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ പാടില്ലെന്നാണ് ഉത്തരവ്. ബാഗൽകോട്ടിലെ ബനഹട്ടിയിൽ ഹിന്ദുത്വ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തെങ്കിലും പൊലീസ് അനുമതി നിഷേധിച്ചു.
സംസ്ഥാനത്തെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 15 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ശിരോവസ്ത്ര വിവാദം ആളിക്കത്തിച്ചത് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാർഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ആണെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് പറഞ്ഞു. മാണ്ഡ്യ പി.ഇ.എസ് കോളജിൽ ബുർഖ ധരിച്ച വിദ്യാർഥിനിയെ കാവി ഷാളണിഞ്ഞ യുവാക്കൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തെയും മന്ത്രി ന്യായീകരിച്ചു. 'അല്ലാഹു -അക്ബർ' എന്ന് വിളിക്കാൻ മാത്രം പെൺകുട്ടി പ്രകോപിതയായോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പെൺകുട്ടിയെ കൈയേറ്റം ചെയ്യാൻ പ്രതിഷേധക്കാർ ആദ്യം ശ്രമിച്ചിരുന്നില്ലെന്നും അവൾ 'അല്ലാഹു-അക്ബർ' എന്ന് വിളിക്കുന്ന സമയത്ത് ഒരു പ്രതിഷേധക്കാരും അവളുടെ ചുറ്റം ഉണ്ടായിരുന്നില്ലെന്നും ബി.സി. നാഗേഷ് പറഞ്ഞു. രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയായ മുസ്കാൻ പ്രതിഷേധക്കാർക്കുനേരെ ഒറ്റക്ക് മുദ്രാവാക്യം വിളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രതിഷേധക്കാർ തന്റെ നേരെ അശ്ലീല ആംഗ്യം കാണിെച്ചന്നും ശിരോവസ്ത്ര വിവാദത്തിൽ കോടതി വിധി മാനിക്കുമെന്നും മുസ്കാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.