ബംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം ധരിക്കാൻ അനുമതി തേടിയുള്ള ഹരജിയിൽ അന്തിമ തീരുമാനമുണ്ടാകുംവരെ മതപരമായ വസ്ത്രങ്ങൾക്ക് താൽക്കാലിക അനുമതി നിഷേധിച്ച് ഹൈകോടതി. വിശദമായ വാദം കേൾക്കുന്നതിന് കേസ് തിങ്കളാഴ്ച ഉച്ചക്ക് 2.30ലേക്ക് മാറ്റിവെച്ചു.
മൗലികാവകാശമായി പ്രഖ്യാപിച്ച് ക്ലാസിൽ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പി ഗവ. പി.യു വനിത കോളജ് വിദ്യാർഥിനികൾ നൽകിയ ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. കോളജുകളും സ്കൂളുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കണമെന്നും കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ വിദ്യാർഥികളും ഹരജിക്കാരും മതപരമായ വസ്ത്രങ്ങൾ ധരിക്കണമെന്ന് നിർബന്ധം പിടിക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
യൂനിഫോമിന്റെ അതേനിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാനുള്ള അനുമതി മാത്രമാണ് വിദ്യാർഥിനികൾ ചോദിക്കുന്നതെന്നും എന്നാൽ, ശിരോവസ്ത്രം യൂനിഫോമിന്റെ ഭാഗമല്ലെന്നാണ് സർക്കാർ പറയുന്നതെന്നും ഹരജിക്കാരുടെ അഭിഭാഷകനായ ദേവദത്ത് കാമത്ത് പറഞ്ഞു. ശിരോവസ്ത്രം ധരിക്കുകയെന്നത് ഭരണഘടനപരമായ അവകാശമാണ്. ഇടക്കാല ഉത്തരവിലൂടെ ശിരോവസ്ത്രം ധരിച്ച് ക്ലാസിൽ പ്രവേശിക്കാൻ വിദ്യാർഥികൾക്ക് അനുമതി നൽകണമെന്നും ആർക്കും ബുദ്ധിമുട്ടുണ്ടാകുന്ന കാര്യമല്ലിതെന്നും വാദിച്ചു. കേസ് തീർപ്പാക്കുന്നതുവരെ ഇതിന് അനുമതി നൽകാത്തത് ഹരജിക്കാരുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്നതാണെന്നും അഭിഭാഷകൻ വാദിച്ചു.
കുറച്ചു ദിവസത്തേക്ക് മാത്രമാണ് ഇത്തരമൊരു നിർദേശമെന്ന് കോടതി മറുപടി നൽകി. ഡിസംബർ അവസാനത്തോടെ ഉഡുപ്പിയിലെ ഗവ. പി.യു കോളജിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥിനികളെ ക്ലാസിൽ പ്രവേശിപ്പിക്കാത്ത സംഭവമാണ് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കാരണമായത്. ശിരോവസ്ത്രം ധരിച്ചെത്തുന്നതിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ കാവി ഷാൾ അണിഞ്ഞെത്തിയായിരുന്നു പ്രതിഷേധിച്ചത്. സംഘർഷാവസ്ഥയിലെത്തിയതോടെ വെള്ളിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
അതിനിടെ, സംസ്ഥാനത്ത് സ്കൂളുകൾ തിങ്കളാഴ്ച തുറക്കുമെങ്കിലും കോളജുകൾ തുറക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.