ന്യൂഡൽഹി: ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും അഫ്ഗാനിസ്താനിലെ കാന്തഹാറിലേക്ക് പുറപ്പെടേണ്ട വിമാനത്തിൽ നിന്നും ഹൈജാക് സന്ദേശം ലഭിച്ചത് സുരക്ഷാ ജീവനക്കാരെ ഭയാശങ്കയിലാഴ്ത്തി. വിമാനം പറന്നുയരുന്നതിന് മുമ്പ് പൈലറ്റ് അബദ്ധത്തിൽ ‘ഹൈജാക് ബട്ടൺ’ അമർത്തുകയായിരുന്നു.
ശനിയാഴ്ച വൈകീട്ട് 3.30ന്, 124 യാത്രക്കാരുമായി ടേക്ക്ഒാഫിനൊരുങ്ങിയ അരിയാന അഫ്ഗാൻ എയർലൈൻ വിമാനത്തിൽനിന്നാണ്, റാഞ്ചൽപോലുള്ള അടിയന്തര ഘട്ടങ്ങളുണ്ടായാൽ മുന്നറിയിപ്പു നൽകുന്ന ‘ഹൈജാക്ക് ബട്ടൺ’ പ്രവർത്തിച്ചത്.
പൈലറ്റ് ഹൈജാക് ബട്ടൺ അമർത്തിയതും സന്ദേശം തീവ്രവാദ വിരുദ്ധ സേനയായ നാഷണൽ സെക്യൂരിറ്റി ഗാർഡ് ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികളിൽ എത്തുകയും ചെയ്തു. സന്ദേശത്തോട് സുരക്ഷാ ഏജൻസികൾ ഉടൻ പ്രതികരിക്കുകയും വിമാനത്താവള അധികൃതർ, എൻ.എസ്.ജി കമാൻഡോകൾ അടക്കമുള്ള സുരക്ഷാസേനയെ ഉപയോഗിച്ച് വിമാനം വളയുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൈലറ്റിന് പറ്റിയ പിഴവാണെന്ന് അറിയാനായതെന്ന് ബ്യൂറോ ഒാഫ് സിവിൽ ഏവിയേഷൻ സുരക്ഷാ അധികൃതർ അറിയിച്ചു. പരിശോധനകൾ പൂർത്തിയാക്കി പിന്നീട് വിമാനം കാന്തഹാറിലേക്ക് പുറപ്പെട്ടു. രണ്ടുമണിക്കൂർ നേരത്തെ ആശങ്കകൾക്കൊടുവിലാണ് വിമാനം പറന്നുയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.