ന്യൂഡൽഹി: ഭരണം നിലനിർത്തുന്നത് ശ്രമകരമായി മാറിയ ഹിമാചൽ പ്രദേശിൽ കോൺഗ്രസ് ഹൈകമാൻഡിന്റെ തുടർനടപടി നിരീക്ഷകരുടെ റിപ്പോർട്ട് കിട്ടിയ ശേഷം.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശ പ്രകാരം സംസ്ഥാനത്ത് എത്തിയ മുതിർന്ന നേതാക്കളായ ഭൂപീന്ദർസിങ് ഹൂഡ, ഭൂപേശ് ബാഘേൽ, ഡി.കെ. ശിവകുമാർ, സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രാജീവ് ശുക്ല എന്നിവരോട് പാർട്ടി എം.എൽ.എമാരോട് വെവ്വേറെ സംസാരിക്കാൻ നിർദേശിച്ചിട്ടുണ്ട്.
അതനുസരിച്ച് കൂറുമാറ്റം എന്തുകൊണ്ട് സംഭവിച്ചു, ജനവിധി സംരക്ഷിക്കാൻ ഇനി എന്തു വേണം എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം നിരീക്ഷകർ വ്യാഴാഴ്ച റിപ്പോർട്ടിലൂടെ കൈമാറും. മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖുവിനെ മാറ്റണമെന്ന ആവശ്യം എതിർപക്ഷ എം.എൽ.എമാർ ഉയർത്തുകയും മുഖ്യമന്ത്രിപദം ലക്ഷ്യമിട്ട് പൊതുമരാമത്തു മന്ത്രി വിക്രമാദിത്യ സിങ് രാജിവെക്കുകയും ചെയ്തിരിക്കെ, ഭരണം നിലനിർത്താൻ വേണ്ടിവന്നാൽ മുഖ്യമന്ത്രിയെ മാറ്റാനും തയാറായേക്കും. വ്യക്തികളല്ല, പാർട്ടി താൽപര്യമാണ് പ്രധാനമെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പ്രതികരിച്ചു.
വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന സർക്കാറിനെയാണ് ഹിമാചൽ പ്രദേശിൽ ബി.ജെ.പി പ്രതിസന്ധിയിലാക്കിയത്. തൂക്കുസഭയായി മാറിയ നിയമസഭയുടെ സമ്മേളനം നിശ്ചയിച്ചതിനേക്കാൾ ഒരു ദിവസം മുമ്പേ അനിശ്ചിത കാലത്തേക്ക് പിരിയാൻ തീരുമാനിച്ചതും 15 ബി.ജെ.പി എം.എൽ.എമാരെ സസ്പെൻഡ് ചെയ്യുകവഴി ബജറ്റ് പാസാക്കാൻ സാധിച്ചതും കോൺഗ്രസിന് തൽക്കാല പിടിവള്ളിയാണ്. എന്നാൽ, ഒമ്പതുപേരെ വലവീശി പിടിച്ച ബി.ജെ.പിക്ക് കൂടുതൽ പേരെ വലയിലാക്കാൻ കഴിഞ്ഞേക്കുമെന്ന ആശങ്കയുണ്ട്.
പണമെറിഞ്ഞ് ജനവിധി അട്ടിമറിച്ച് അധികാരം പിടിക്കുന്ന ബി.ജെ.പിയുടെ നിന്ദ്യരാഷ്ട്രീയത്തെ അപലപിക്കുമ്പോൾ തന്നെ, വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ഭരണം നിലനിർത്താൻ കഴിയാത്ത ആഭ്യന്തര കലാപമാണ് പാർട്ടിയിലെന്ന യാഥാർഥ്യം കൂടിയാണ് കോൺഗ്രസ് അഭിമുഖീകരിക്കുന്നത്.
ആറുവട്ടം മുഖ്യമന്ത്രിസ്ഥാനത്തിരുന്ന വീരഭദ്ര സിങ്ങിന്റെ മകനാണ് 14 മാസത്തെ കാത്തിരിപ്പിനൊടുവിൽ മുഖ്യമന്ത്രിക്കുപ്പായം തയ്പിച്ച് കളത്തിലിറങ്ങിയിരിക്കുന്നത്.
ഹൈകമാൻഡിന്റെ താൽപര്യങ്ങളെയും രാജ്യസഭ തെരഞ്ഞെടുപ്പിലെ ഹൈകമാൻഡ് പ്രതിനിധിയെത്തന്നെയുമാണ് കോൺഗ്രസ് എം.എൽ.എമാർ മറുകണ്ടം ചാടി തോൽപിച്ചത്. വ്യക്തമായൊരു ജനവിധി സംരക്ഷിക്കേണ്ടത് ഹൈകമാൻഡിന് ഇപ്പോൾ അഭിമാന പ്രശ്നമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.